യു.എസ്-പാക് ബന്ധം മെച്ചപ്പെടുന്നു: പാക് പ്രധാനമന്ത്രിയും യു.എസ് വിദേശകാര്യ സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി
|താലിബാന്‍ ഭീകരവാദികളെ നിയന്ത്രിക്കാന്‍ പാകിസ്താന്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് നേരത്തെ ട്രംപ് വിമര്‍ശിച്ചിരുന്നു. അമേരിക്ക നല്‍കിയിരുന്ന 800 മില്യണ്‍ യുഎസ് ഡോളറിന്റെ സഹായവും റദ്ദാക്കിയിരുന്നു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെട്ടേക്കുമെന്ന പ്രതീക്ഷ പകരുന്നതാണ് കൂടിക്കാഴ്ചക്ക് ശേഷം ഇരുവരുടെയും പ്രതികരണങ്ങള്‍
പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി എന്നിവരുമായാണ് യുഎസ് വിദേശ കാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഊഷ്മളമാക്കുന്ന കാര്യം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മെച്ചപ്പെട്ട ബന്ധം പുനസ്ഥാപിക്കാന്‍ യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനം സഹായകമാകുമെന്ന് പാക് വിദേശ കാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി പ്രത്യാശ പ്രകടിപ്പിച്ചു. പരസ്പര ബഹുമാനത്തോടെയും വിശ്വാസത്തോടെയും മുന്നോട്ടുപോകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനില്‍ പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള അമേരിക്കയുടെ ആദ്യ ഉന്നതതല സന്ദര്‍ശനമാണിത്. പോംപിയോയുടെ ഏഷ്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പാകിസ്താനിലെത്തിയത്. താലിബാന്‍ ഭീകരവാദികളെ നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് രാജ്യത്തിന് അമേരിക്ക നല്‍കിയിരുന്ന 800 മില്യണ്‍ യുഎസ് ഡോളറിന്റെ സഹായവും അമേരിക്ക റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വഷളായ ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് യു.എസ് വിദേശ കാര്യ സെക്രട്ടറിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം