International Old
ചാരനെതിരായ രാസായുധ പ്രയോഗം; രണ്ട് റഷ്യന്‍ പൗരന്‍മാര്‍ക്കെതിരെ ബ്രിട്ടന്‍ കുറ്റം ചുമത്തി
International Old

ചാരനെതിരായ രാസായുധ പ്രയോഗം; രണ്ട് റഷ്യന്‍ പൗരന്‍മാര്‍ക്കെതിരെ ബ്രിട്ടന്‍ കുറ്റം ചുമത്തി

Web Desk
|
6 Sep 2018 2:50 AM GMT

ഇംഗ്ലീഷ് നഗരമായ സാലിസ്ബറിയിലെ ഒരു റസ്റ്റാറന്‍റില്‍ വെച്ചാണ് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്ക്രിപാലിനും മകള്‍ യൂലിയക്കും നേരെ രാസായുധ പ്രയോഗമുണ്ടായത്.

ബ്രിട്ടനില്‍ റഷ്യയുടെ മുന്‍ ചാരന്‍ സെര്‍ജി സ്ക്രിപാലിനും മകള്‍ക്കുമെതാരയ രാസായുധ പ്രയോഗത്തില്‍ രണ്ട് റഷ്യന്‍ പൌരന്‍മാര്‍ക്കെതിരെ ബ്രിട്ടന്‍ കുറ്റം ചുമത്തി. റഷ്യയുടെ പട്ടാള ഇന്‍റലിജന്‍സ് ഓഫീസര്‍മാര്‍ കൂടിയായിരുന്ന രണ്ട് പേരെയാണ് ഇപ്പോള്‍ ബ്രിട്ടന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കേസെടുത്തിരിക്കുന്നത്.

ഇംഗ്ലീഷ് നഗരമായ സാലിസ്ബറിയിലെ ഒരു റസ്റ്റാറന്‍റില്‍ വെച്ചാണ് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്ക്രിപാലിനും മകള്‍ യൂലിയക്കും നേരെ രാസായുധ പ്രയോഗമുണ്ടായത്. സംബവത്തിന് ശേഷം ബ്രിട്ടന്‍-റഷ്യ ബന്ധത്തില്‍ വലിയ ഉലച്ചിലാണ് ഉണ്ടായത്. ഇന്നലെയാണ് സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാകുന്ന നടപടി ബ്രിട്ടന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. റഷ്യക്കാരായ രണ്ട് പേര്‍ക്കെതിരെ കുറ്റം ചുമത്തി.

റഷ്യയുടെ സൈനിക ഇന്‍റലിജന്‍സ് ഓഫീസര്‍മാരായ അലക്സാണ്ടര്‍ പെട്രോവ്, റുസ്ലന്‍ ബോഷിറോവ് എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തി ബ്രിട്ടീഷ് പ്രോസിക്യൂട്ടര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇരുവരും ചേര്‍ന്ന് ഡബിള്‍ ഏജന്‍റ് സ്ക്രിപാലിനെയും മകളെയും കൊല്ലാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍റ കണ്ടെത്തല്‍.

കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുവര്‍ക്കും നേരെ രാസായുധ പ്രയോഗമുണ്ടായത്. വധ ശ്രമത്തെ അതിജീവിച്ച ഇരുവരും ആശുപത്രിയില്‍ കഴിയുകയാണ്. സംഭവം ഇരു രാജ്യങ്ങളു തമ്മിലെ വലിയ നയതന്ത്ര പ്രശ്നമായി മാറിയതോടെ റഷ്യ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാവുകയായിരുന്നു. എന്നാല്‍ സംഭവ്തതില്‍ യാതൊരു പങ്കുമില്ലെന്നാണ് മോസ്കോയുടെ നിലപാട്. എന്നാല്‍ റഷ്യന്‍ പങ്കിനെകുറിച്ച് വ്യക്തമായ തെളിവുണ്ടെന്ന് ബ്രിട്ടന്‍ നിലപാട് ആവര്‍ത്തിക്കുകയും ഇന്നലെ റഷ്യന്‍ പൌരന്‍മാര്‍ക്കെതിരെ കുറ്റം ചുമത്തുകയുമായിരുന്നു.

Similar Posts