സിറിയയിലെ ഇദ്‍ലിബില്‍ വെടിനിര്‍ത്തല്‍ വേണമെന്ന തുര്‍ക്കിയുടെ ആവശ്യം റഷ്യയും ഇറാനും തള്ളി
|വിമതരുമായി ചര്‍ച്ച നടത്തില്ല, സമാധാന നടപടിക്ക് പ്രസക്തിയില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍
സിറിയയിലെ ഇദ്ലീബില്‍ സൈനിക നടപടി തുടങ്ങുമെന്ന ഭീഷണിക്കിടെ റഷ്യയും ഇറാനും തുര്‍ക്കിയും തമ്മിലുള്ള ചര്‍ച്ച സമാപിച്ചു. ഇദ് ലീബില്‍ വിമതരുമായി സമാധാന നടപടികള്‍ കൈകൊള്ളണമെന്ന തുര്‍ക്കിയുടെ ആവശ്യം റഷ്യ തള്ളി.
ഇറാനിലെ തഹ്റാനിലാണ് റഷ്യയും ഇറാനും തുര്‍ക്കിയും ചര്‍ച്ച നടത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏഴു വര്‍ഷം നീണ്ട സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് പരിഹാരമന്വേഷിച്ചായിരുന്നു ഉച്ചകോടി. ഇദ്ലീബില്‍ വിമതര്‍ക്കെതിരെ ആണവായുധ പ്രയോഗം വരെ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ഉച്ചകോടി. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന ആക്രമണത്തില്‍ നിന്ന് പിന്മാറണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടെങ്കിലും തീവ്രവാദികള്‍ ചര്‍ച്ചക്കില്ലാത്തതു കൊണ്ട് സമാധാന നടപടിക്ക് പ്രസക്തിയില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞു.