കോളറ ബാധ; സിംബാബ്‍വെയില്‍ പൊതുസ്ഥലത്ത് ഒരുമിച്ചുകൂടുന്നതിന് വിലക്ക്
|കഴിഞ്ഞ ദിവസങ്ങളിലായി 21 പേരാണ് സിംബാബ്‍വെ തലസ്ഥാനമായ ഹരാരിയില്‍ കോളറ ബാധിച്ച് മരിച്ചത്.
സിംബാബ്‍വെയില്‍ പൊതുസ്ഥലത്ത് ഒരുമിച്ചുകൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കോളറ ബാധയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കോളറ പടരുന്നത് തടയാനാണ് ഈ തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിലായി 21 പേരാണ് സിംബാബ്‍വെ തലസ്ഥാനമായ ഹരാരിയില്‍ കോളറ ബാധിച്ച് മരിച്ചത്. കോളറ കൂടുതല്‍ പേരിലേക്ക് വ്യാപിക്കും എന്ന് കണ്ടാണ് പൊതുസ്ഥലങ്ങളില്‍ ഒന്നിച്ച് കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സിംബാബ്‌വെ പൊലീസാണ് വിലക്കേര്‍പ്പെടുത്തിയത്. ഇന്നലെയാണ് വിലക്ക് പുറപ്പെടുവിച്ചത്.
വിലക്കിന്റെ പശ്ചാത്തലത്തില്‍ കോളറ പടരുന്നത് ശ്രദ്ധിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിലക്ക് എത്ര ദിവസം വരെ തുടരുമെന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ല. ചികിത്സയില്‍ കഴിയുന്ന രോഗികളെ പ്രതിപക്ഷ നേതാവ് നെല്‍സണ്‍ ചമൈസ സന്ദര്‍ശിച്ചു. ആരോഗ്യവകുപ്പും സര്‍ക്കാരും തമ്മില്‍ കൂടുതല്‍ സഹകരണം ഉണ്ടാകണമെന്ന് ചമൈസ ആവശ്യപ്പെട്ടു. 3000ലധികം ആളുകള്‍ക്ക് കോളറ പിടിപെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഒബാദിയോ മോയോ വ്യക്തമാക്കി. തലസ്ഥാനത്തിന് പുറത്തേക്കും കോളറ പടരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2004ആണ് രാജ്യത്ത് ഏറ്റവും കൂടിയ തോതില്‍ കോളറ പടര്‍ന്നുപിടിച്ചത്. 4000 ആളുകളാണ് അന്ന് മരിച്ചത്. 40000 പേര്‍ക്ക് രോഗം ബാധിച്ചിരുന്നതായും ആരോഗ്യവകുപ്പിന്റെ രേഖകള്‍ പറയുന്നുണ്ട്.