നോര്‍ത്ത് കരോലിന തീരത്ത് ആഞ്ഞടിച്ച് ഫ്ലോറന്‍സ് ചുഴലിക്കാറ്റ്; വീശിയടിച്ചത് 150 കിലോമീറ്റര്‍ വേഗതയില്‍
|പത്ത് ലക്ഷത്തിലേറെ പേര് താമസിക്കുന്ന പ്രദേശത്ത് നിന്ന് ആളുകൾ നേരത്തെ തന്നെ ഒഴിഞ്ഞുപോകാന്‍ ഔദ്യോഗിക വൃത്തങ്ങൾ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കയില്‍ ഫ്ലോറന്‍സ് ചുഴലിക്കാറ്റ് നോര്‍ത്ത് കരോലിന തീരത്തെത്തി. ഇന്ന് പ്രാദേശിക സമയം രാവിലെ 7-30ഓടെ കൂടിയാണ് നോര്‍ത്ത് കരോലിനയിലെ റൈറ്റ്സ്വില്‍ ബീച്ചില്‍ ചുഴലിക്കാറ്റടിച്ചത്. ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ അധികൃതര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് അമേരിക്കയുടെ നോര്‍ത്ത് കരോലിന തീരത്ത് വീശിയത്. പത്ത് ലക്ഷത്തിലേറെ പേര് താമസിക്കുന്ന പ്രദേശത്ത് നിന്ന് ആളുകൾ നേരത്തെ തന്നെ ഒഴിഞ്ഞുപോകാന്‍ ഔദ്യോഗിക വൃത്തങ്ങൾ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 12,000 ത്തോളം പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി. കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും വലിയ നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് പലയിടങ്ങളിലും നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. പല നദികളും കരകവിഞ്ഞൊഴുകുകയാണ്. ജോര്‍ജിയ, നോര്‍ത്ത് കരോലിന, സൌത്ത് കരോലിന, വിര്‍ജീനിയ, മേരിലാന്റ് എന്നീ പ്രദേശങ്ങളും ഭീഷണിയിലാണ്.