ഫ്ളോറന്‍സ് ചുഴലിക്കാറ്റില്‍ 11 മരണം
|കനത്ത മഴ തുടരുന്നതിനാല്‍ നദികള്‍ പലതും കരകവിഞ്ഞു. നോര്‍ത്ത് കരോലീനയിലെ ന്യൂബെണ്‍ പട്ടണത്തില്‍ 10 അടിയോളം വെള്ളം കെട്ടികിടക്കുകയാണ്
അമേരിക്കയുടെ കിഴക്കന്‍ തീരമേഖലയില്‍ ആഞ്ഞടിച്ച ഫ്ളോറന്‍സ് ചുഴലിക്കാറ്റില്‍ 11 പേര് മരിച്ചു. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കനത്ത മഴയും വെള്ളപൊക്കം തുടരുകയാണ്. മഴ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ ഹരികേയിന്‍ സെന്റര്‍ അറിയിച്ചു. നിരവധി ആളുകള്‍ ഇപ്പോഴും വീടുകളിലും മറ്റും കുടുങ്ങികിടക്കുന്നുണ്ട്. ഇവരെ രക്ഷപെടുത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
ഫ്ളോറന്‍സ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ശക്തമായ മഴക്ക് കുറവുണ്ടായിട്ടില്ല. കനത്ത മഴ തുടരുന്നതിനാല്‍ നദികള്‍ പലതും കരകവിഞ്ഞു. നോര്‍ത്ത് കരോലീനയിലെ ന്യൂബെണ്‍ പട്ടണത്തില്‍ 10 അടിയോളം വെള്ളം കെട്ടികിടക്കുകയാണ്. ചില പ്രദേശങ്ങളില്‍ മഴ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ മുന്നറിയിപ്പ് നല്കി.
കരോലിനയില്‍ അപകട ഭീഷണിയെ തുടര്‍ന്ന് 17 ലക്ഷം ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. ഇരുപതിനായിരത്തിലധികം ആളുകള്‍ സ്കൂളുകളിലും പള്ളികളിലുമുള്ള ക്യാമ്പുകളിലായി കഴിയുന്നുണ്ട്. കനത്ത നാശനഷ്ടമാണ് കരോലീന നഗരത്തില്‍ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം ഉണ്ടായിരിക്കുന്നത്. വെള്ളക്കെട്ട് താഴാന്‍ കുറച്ച് ദിവസങ്ങള്‍ എടുക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.
ഫ്ളോറന്‍സ് തിങ്കളാഴ്ചയോടെ ഒഹായായോ നഗരത്തിലെത്തും. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുരിതബാധിത മേഖലയില്‍ അടുത്തയാഴ്ച സന്ദര്‍ശനം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.