International Old
അമേരിക്കയില്‍ വീശിയടിക്കുന്ന ഫ്ലോറന്‍സ് ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു
International Old

അമേരിക്കയില്‍ വീശിയടിക്കുന്ന ഫ്ലോറന്‍സ് ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു

Web Desk
|
17 Sep 2018 1:42 AM GMT

ജനവാസ മേഖലയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ വീശിയടിച്ച ഫ്ലോറന്‍സ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. എന്നാല്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നിന്ന് മേഖല ഇപ്പോഴും മുക്തമായിട്ടില്ല. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.

പതനായിരക്കണക്കിന് വീടുകളെയാണ് പ്രളയം ബാധിച്ചത്. ജനവാസ മേഖലയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. പ്രളയ മേഖലയില്‍ നിന്ന് പതിനയ്യായിരത്തോളം പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

നദികള്‍ മിക്കതും കരകവിഞ്ഞൊഴുകുകയാണ്. നോര്‍ത്ത് കരോലിനയിലെ തീരദേശവാസികളായ രണ്ട് ലക്ഷത്തിലേറെ ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വടക്കന്‍ കരോലിന, തെക്കന്‍ കരോലിന എന്നിവടങ്ങളിലെ നാലായിരം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് തെരുവുകള്‍ പലതും വെള്ളത്തിനടിയിലാണ്. വരും ദിവസങ്ങളിലും ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നോര്‍ത്ത് കരോലിനയില്‍ 150 ദുരിതാശ്വാസ ക്യാംപുകളിലായി ഇരുപത്തിമുവായിരത്തോളം പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങള്‍ അടുത്തയാഴ്ച പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സന്ദര്‍ശിക്കുമെന്ന് വൈറ്റ്ഹൌസ് അറിയിച്ചു.

Related Tags :
Similar Posts