അമേരിക്കയുടെ പുതിയ നികുതി പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതികരിക്കുമെന്ന് ചൈന
|അമേരിക്കയുടെ പുതിയ നികുതി പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതികരിക്കുമെന്ന് ചൈന. അമേരിക്ക ചുമത്താന്‍ ആലോചിക്കുന്ന 200 ബില്ല്യണ്‍ ഡോളറിന്റെ നികുതിക്കെതിരെയാണ് ചൈനയുടെ പ്രതികരണം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക പുതിയതായി ചുമത്താന്‍ ആലോചിക്കുന്ന ഇരുന്നൂറ് ബില്ല്യണ്‍ ഡോളറിന്റെ നികുതിക്കെതിരെ പ്രതികരിക്കുമെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നാല്‍ ഇരു രാജ്യങ്ങള്‍ക്കും തുല്യ പരിഗണനയായിരിക്കും ലഭിക്കുകയെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.
ചൈനയ്ക്കെതിരെ അമേരിക്ക എതെങ്കിലും തരത്തിലുള്ള നികുതി പരിഷ്കാരങ്ങള്‍ നടത്തിയാല്‍ ചൈനയ്ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. പരസ്പര ബഹുമാനവും വിശ്വാസവും നിലനിര്‍ത്തി നികുതി പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ചൈന ആഗ്രഹിക്കുന്നത്.
ഉല്‍പ്പന്നങ്ങള്‍ക്ക് നേരത്തെ അന്‍പത് ബില്ല്യണ്‍ ഡോളറിന്റെ നികുതി ഇരു രാജ്യങ്ങളും ചുമത്തിയിരുന്നു. കഴിഞ്ഞ ആഴ്ച്ച അമേരിക്കന്‍ ട്രഷറി വിഭാഗം, ചൈനീസ് വൈസ് പ്രീമിയര്‍ ലിയു ഹി ഉള്‍പ്പടെയുള്ള ചൈനീസ് പ്രതിനിധികളെ നികുതി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു. നികുതി വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും തര്‍ക്കങ്ങളും പരിഹരിക്കനായിരുന്നു ക്ഷണം.