International Old
മ്യാന്‍മറിലെ റോഹിങ്ക്യന്‍ കൂട്ടക്കൊല അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കുന്നു
International Old

മ്യാന്‍മറിലെ റോഹിങ്ക്യന്‍ കൂട്ടക്കൊല അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കുന്നു

Web Desk
|
19 Sep 2018 3:00 AM GMT

രാഖൈനില്‍ എന്താണ് സംഭവിച്ചതെന്നായിരിക്കും ആദ്യഘട്ടത്തില്‍ പരിശോധിക്കുകയെന്ന് ഐ.സി.സി പ്രോസിക്യൂട്ടര്‍ ഫാറ്റൂ ബെന്‍സൂഡ പറഞ്ഞു. 

മ്യാന്‍മറിലെ റോഹിങ്ക്യന്‍ കൂട്ടക്കൊല അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കുന്നു. രാഖൈനില്‍ എന്താണ് സംഭവിച്ചതെന്നായിരിക്കും ആദ്യഘട്ടത്തില്‍ പരിശോധിക്കുകയെന്ന് ഐ.സി.സി പ്രോസിക്യൂട്ടര്‍ ഫാറ്റൂ ബെന്‍സൂഡ പറഞ്ഞു.

മ്യാന്‍മറില്‍ നടന്നത് വംശീയ ഉന്മൂലനമാണെന്ന ആരോപണങ്ങള്‍ കടുത്തതോടെയാണ് വിഷയം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായത്. റോഹിങ്ക്യന്‍ മുസ്‌ലീങ്ങള്‍ താമസിക്കുന്ന രാഖൈനില്‍ സൈനിക നടപടിയെ തുടര്‍ന്ന് ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ഏഴ് ലക്ഷത്തോളം ആളുകള്‍ പലായനം ചെയതു. കൂടാതെ സ്ത്രീകളും കുട്ടികളും വ്യാപകമായി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ മ്യാന്‍മര്‍ സൈന്യത്തിനെതിരെ വിശദമായ അന്വേഷണം നടക്കും. വംശഹത്യക്ക് കാരണം മ്യാന്‍മര്‍ സൈന്യമാണെന്നും അന്വേഷണം വേണമെന്നുമുള്ള യുഎന്‍ റിപ്പോര്‍ട്ട് മ്യാന്‍മര്‍ തള്ളിക്കളഞ്ഞിരുന്നു.

ആദ്യഘട്ട പരിശോധനയില്‍ എല്ലാ കാര്യങ്ങളും പൂര്‍ണമായി അന്വേഷിക്കുമെന്ന് ഐ.സി.സി പ്രോസിക്യൂട്ടര്‍ ഫാറ്റൂ ബെന്‍സുഡ പറഞ്ഞു. എന്തെല്ലം അക്രമ സംഭവങ്ങള്‍ നടന്നു. നിര്‍ബന്ധിത പലായനം തുടങ്ങിയവ വിശദമായി അന്വേഷിക്കുമെന്ന് ബെന്‍സുഡ വ്യക്തമാക്കി. കൂടാതെ മൌലികാവകാശ ലംഘനം, കൊലപാതകം, ലൈംഗിക അതിക്രമം, കൊള്ള തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. മ്യാന്‍മര്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിധിയില്‍ വരില്ല. എന്നാല്‍ റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമം എവിടെ നടന്നാലും അതില്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും ബംഗ്ലാദേശ് ഐ.സി.സി അംഗമാണെന്നും ബെന്‍സൂഡ വ്യക്തമാക്കി.

ഐ.സി.സിയുടെ പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ ബ്രിട്ടണ്‍ വിദേശകാര്യ സെക്രട്ടറി ജെറിമി ഹന്റ് ഇന്ന് മ്യാന്‍മറിലെത്തി ബര്‍മീസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് കൂടുതല്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യും. ശേഷം രാഖൈനില്‍ എത്തുന്ന ജെറിമി ഹന്റ് ആങ് സാങ് സൂചിയുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സൈനികരുടെ അതിക്രമങ്ങള്‍ വ്യക്തമാക്കുന്ന 444 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് യു.എന്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ യു.എന്നിലെ മ്യാന്‍മര്‍ അംബാസിഡറേയും കുറ്റപ്പെടുത്തുന്നു.

Similar Posts