സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തുര്‍ക്കിക്ക് ആഡംബര വിമാനം സമ്മാനമായി നല്കി ഖത്തര്‍; വില 500 മില്യണ്‍ ഡോളര്‍
|സമ്മാനം തനിക്ക് നല്‍കിയതല്ലെന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തുര്‍ക്കിക്ക് ഖത്തര്‍ നല്കിയ സമ്മാനമാണെന്നും ഉർദുഗാന് പറഞ്ഞു
ഖത്തര്‍ സമ്മാനമായി നല്കിയ ആഡംബര വിമാനം തുര്‍ക്കി പ്രസിഡന്റ് തായിപ് ഉർദുഗാന് ഏറ്റുവാങ്ങി. സമ്മാനം തനിക്ക് നല്‍കിയതല്ലെന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തുര്‍ക്കിക്ക് ഖത്തര്‍ നല്കിയ സമ്മാനമാണെന്നും ഉർദുഗാന് പറഞ്ഞു. നിലവില്‍ തുര്‍ക്കി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്.
ഖത്തര്‍ അമീര്‍ 500 മില്യണ്‍ ഡോളര്‍ (ഏകദേശം 3600 കോടി രൂപ) വരുന്ന ബോയിങ് 747-8 വിമാനം ഉർദുഗാന് നല്‍കുന്നുവെന്ന വാര്‍ത്ത വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. പക്ഷെ, തുര്‍ക്കിക്ക് വിമാനം വാങ്ങാന്‍ താല്പര്യമുണ്ടായിരുന്നതായും ഇതറിഞ്ഞ ഖത്തര്‍ അമീര്‍ തങ്ങള്‍ക്ക് അത് സമ്മാനമായി നല്കുകയാണുണ്ടായതെന്നും ഉർദുഗാന് പറഞ്ഞിരുന്നു.
ഖത്തര്‍ അമീര്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന വിമാനത്തില്‍ ആഡംബര മുറികളും സൌകര്യങ്ങളുമുണ്ട്. വിമാനം പ്രസിഡന്റ് വാങ്ങിയതാണെന്ന പ്രതിപക്ഷത്തിന്റെ വിമര്ശനത്തിനെത്തുടര്ന്നാണ് ഉർദുഗാന് രംഗത്ത് വന്നത്.
തുര്‍ക്കി ലിറ ഡോളറിനെതിരെ കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ദോഹ 15 മില്യണ്‍ നിക്ഷേപം തുര്‍ക്കിക് നല്‍കിയിരുന്നു. ആ ബന്ധത്തിന്റെ തുടര്‍ച്ചയായാണ് ഖത്തര്‍ തുര്‍ക്കിക്ക് വിമാനം നല്‍കിയതെന്നും വൃത്തങ്ങള്‍ അറിയിക്കുന്നു. ഖത്തറിനെ പല പ്രതിസന്ധി ഘട്ടങ്ങളിലും തുര്‍ക്കി പിന്താങ്ങിയിരുന്നു.