റഷ്യന്‍ യുദ്ധ വിമാനം സിറിയ അബദ്ധത്തില്‍ വെടിവെച്ചിട്ടു
|റഷ്യയും ഇസ്രായേലും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ രമ്യതയിലെത്തക്കാന്‍ വ്ലാദിമിര്‍ പുടിന് രംഗത്തെത്തി.
റഷ്യന്‍ യുദ്ധ വിമാനം സിറിയ അബദ്ധത്തില്‍ വെടിവെച്ചിട്ടു. ഇസ്രായേലിന്റെ ആക്രണത്തെ നേരിടുന്നതിനിടയിലാണ് സിറിയ വിമാനം വെടിവെച്ച് വീഴ്തിയതെന്ന് പറഞ്ഞ റഷ്യ സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് ആരോപിച്ചു. റഷ്യയും ഇസ്രായേലും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ രമ്യതയിലെത്തക്കാന്‍ വ്ലാദിമിര്‍ പുടിന് രംഗത്തെത്തി.
തിങ്കളാഴ്ച രാത്രിയിലാണ് ലതാകിയ പ്രവിശ്യയില്‍ നിരീക്ഷണം നടത്തുകയായിരുന്ന റഷ്യയുടെ ഇല്യൂഷന്‍ എല്‍ - 20 വിമാനം സിറിയന്‍ ആക്രമണത്തില്‍ തകരുന്നത്. വിമാനത്തിനുണ്ടായിരുന്ന 15 റഷ്യന്‍ സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതേ സമയം ഇസ്രായേലിന്റെ എഫ് 16 യുദ്ധ വിമാനങ്ങള്‍ സിറിയക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഈ ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്ന സിറിയന്‍ ആക്രമണത്തിലാണ് റഷ്യന്‍ വിമാനം അപകടത്തില്‍ പെടുന്നതെന്ന് റഷ്യ വ്യക്തമാക്കി.
മുന്‍കൂട്ടി അറിയിക്കാതെയാണ് ഇസ്രായേല്‍ സിറിയക്ക് നേരെ ആക്രമണം നടത്തിയത്. റഷ്യന്‍ വിമാനത്തെ മറയാക്കി ആക്രമണം നടത്തിയതിനാല്‍ സംഭവത്തിന്റ മുഴുവന്‍ ഉത്തരവാദിത്തവും ഇസ്രായേലിനാണെന്ന് റഷ്യ കുറ്റപ്പെടുത്തി. മോസ്കോയിലെ ഇസ്രായേല്‍ അംബാസിഡറെ വിളിച്ചു വരുത്തി പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. ശക്തമായ പ്രതികാര നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കി. എന്നാല്‍ ആരോപണം തള്ളിയ ഇസ്രായേല്‍ ഉത്തരവാദിത്വം ഹിസ്ബുള്ളക്കാണെന്നും കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മില്‍ വാക്പോര് രൂക്ഷയമായെങ്കില്‍ മണിക്കൂറുകള്‍ക്ക് ശേഷം റഷ്യന്‍ പ്രസിഡന്റ് പുടിന് നടത്തിയ പ്രതികരണത്തില്‍ വിമാനദുരന്തം അപകടമാണെന്നാണ് വിശദീകരിച്ചത്.