International Old
“ഞങ്ങൾ ലോകത്തിന് വേണ്ടി കാത്തിരിക്കുകയാണ്”: അസ്തിത്വം നഷ്ടപ്പെടുന്ന ചൈനയിലെ മുസ്‍ലിംകൾ
International Old

“ഞങ്ങൾ ലോകത്തിന് വേണ്ടി കാത്തിരിക്കുകയാണ്”: അസ്തിത്വം നഷ്ടപ്പെടുന്ന ചൈനയിലെ മുസ്‍ലിംകൾ

Web Desk
|
22 Sep 2018 4:18 PM GMT

ചൈനയിലെ ഇസ്‍ലാമിക സാന്നിധ്യത്തെയും അവിടെയുള്ള മുസ്‍ലിംകളെയും മുഴുവനായി തുടച്ചുനീക്കാനുള്ള ഭയാനകമായ ശ്രമങ്ങളാണ് ഇന്ന് ശ്രമങ്ങളാണ് ഇന്ന് മുസ്‍ലിം മേഖലയായ ഷിൻജ്യാങിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

റുവാണ്ട, കിഴക്കൻ തൈമുർ, മ്യാൻമർ... കാര്യങ്ങൾ നിയന്ത്രണത്തിനപ്പുറം നീങ്ങുന്നതു വരെ ഏതു വലിയ മനുഷ്യാവകാശ ലംഘനവും കണ്ടില്ലെന്ന് നടിക്കുന്നത് ലോകത്തിന്റെ ക്രൂരമായ ഒരു സ്വഭാവമാണ്. ഭയാനകമായ അതിക്രമങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ചൈനയിലെ ഉയിഗർ മു സ്‍ലിംകൾ സമാനമായ വിധി ഏറ്റുവാങ്ങുന്നതിന് മുൻപ് ലോകം ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ. മുസ്‍ലിംകളെ കൂറ്റൻ ക്യാമ്പുകളിൽ പാർപ്പിച്ച് അവരുടെ സംസ്കാരത്തെയും മതത്തെയും തുടച്ചു നീക്കാനുള്ള ആസൂത്രിതവും വ്യാപകവുമായ ശ്രമങ്ങളാണ് ചൈനയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭ ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം ഏകദേശം പത്ത് ലക്ഷം ഉയിഗൂർ മുസ്‍ലിംകളാണ് തടവുകാരായി കഴിയുന്നത്. ഒരു കോടിയോളം ഉയിഗർ മുസ്‍ലിംകൾ താമസിക്കുന്ന ചൈനയിലെ ഷിൻജ്യാങ് പ്രവിശ്യയിലാണ് ഈ ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നത്. 20 ലക്ഷത്തോളം ഉയിഗൂർ മുസ്‍ലിംകളും മറ്റു ന്യൂനപക്ഷ മുസ്‍ലിം വിഭാഗക്കാരും വിദഗ്‍ദോപദേശം ലഭിക്കാൻ വേണ്ടി രാഷ്ട്രീയ ക്യാമ്പുകളിൽ കഴിയുന്നുണ്ട് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കമ്മിറ്റി ഓൺ ദി എലിമിനേഷൻ ഓഫ് റേഷ്യൽ ഡിസ്ക്രിമിനേഷനിൽ അംഗമായ ഗാരി മക്ഡോഗൽ അവകാശപ്പെടുന്നത്.

മുസ്‍ലിം സമുദായത്തെ രാജ്യത്ത് നിന്ന് തുടച്ചുനീക്കാനുള്ള വൻ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് ഈ ക്യാമ്പുകൾ എന്നും ഇസ്‍ലാമിനെ ഒരു “മാനസിക രോഗമാ”യാണ് ചൈന കാണുന്നതെന്നും ഈ അടുത്ത കാലത്ത് ന്യൂ യോർക്ക് ടൈംസ്, ദി അറ്റ്ലാൻറിക്, ദി ഇൻറർസെപ്റ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

ഷിൻജ്യാങിൽ ജീവിക്കുന്ന പത്തിലൊന്ന് മുസ്‍ലിംകളും ഇത്തരം ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനീസ് ഭരണകൂടം തീവ്രവാദവും അട്ടിമറിയും സമുദായഭിന്നതയുമായി ബന്ധപ്പെടുത്തി കാണുന്ന ഇസ്‍ലാം എന്ന ആദർശത്തിൽ വിശ്വസിക്കുന്നു എന്ന ഏക കുറ്റമാണ് ലക്ഷക്കണക്കിന് ആളുകളെ “അപ്രത്യക്ഷരാക്കുകയും” അവരുടെ പ്രിയപ്പെട്ടവരെ തീരാ ദുരിതത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തിരിക്കുന്നത്.

എന്നാൽ ക്യാമ്പുകളിൽ തടഞ്ഞുവെച്ചു കൊണ്ട് ഉയിഗൂർ മുസ്‍ലിംകൾക്കെതിരെ സർക്കാർ നടത്തുന്ന അതിക്രമങ്ങൾ വ്യാപകമായ ഒരു പ്രതിസന്ധിയുടെ ചെറിയ സൂചന മാത്രമാണ് നൽകുന്നത്. രണ്ടാം ലോകയുദ്ധ കാലത്ത് ജർമനിയിൽ ജൂതന്മാരെയും അമേരിക്കയിൽ ജപ്പാൻ പൗരന്മാരെയും തടഞ്ഞു വെച്ചതിനെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് മുസ്‍ലിംകളെ ഇന്ന് ചൈനീസ് ഭരണകൂടം തടവിലാക്കിയിരിക്കുന്നത്. മുസ്‍ലിം സമുദായത്തെ രാജ്യത്ത് നിന്ന് തുടച്ചുനീക്കാനുള്ള വൻ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് ഈ ക്യാമ്പുകൾ എന്നും ഇസ്‍ലാമിനെ ഒരു “മാനസിക രോഗമാ”യാണ് ചൈന കാണുന്നതെന്നും ഈ അടുത്ത കാലത്ത് ന്യൂ യോർക്ക് ടൈംസ്, ദി അറ്റ്ലാൻറിക്, ദി ഇൻറർസെപ്റ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

തങ്ങളെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ ആഗോളശക്തിയുടെ കീഴിൽ ഇത്രയും പേർ ഞെരിഞ്ഞമരുമ്പോഴും ഷിൻജ്യാങ്ങിൽ നടക്കുന്ന അതിക്രമങ്ങളെ പറ്റി ലോകത്തിന്റെ വലിയൊരു വിഭാഗം ആളുകളും ഇന്നും അജ്ഞാതരാണ്.

ഉയിഗൂറുകളുടെ ചരിത്രം

ചൈനയിലെ ബഹുഭൂരിപക്ഷം ആളുകളും ഹാൻ വംശത്തിൽ പെട്ടവരാണ്. ഔദ്യോഗികമായി നിരീശ്വരവാദം അംഗീകരിച്ച കമ്മ്യൂണിസ്റ്റ് ചൈന മുസ്‍ലിം ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിന്റെ വേരുകൾ അവരുടെ ചരിത്രത്തിലും വംശീയ യാഥാർത്ഥ്യങ്ങളിലും അധിഷ്ഠിതമാണ്. ഭരണകൂടം പിന്തുണക്കുന്ന നിരീശ്വരവാദത്തിനും ഹാൻ സമുദായത്തിൻറെ ആധിപത്യത്തിനും ഒരു പോലെ വിപരീതമായി പ്രവർത്തിക്കുന്നതു കൊണ്ടാണ് ചൈന എന്ന ഒർവീലിയൻ ഭരണസംവിധാനം ഉയിഗറുകളെ ഇത്രയും വിദ്വേഷത്തോടെ വീക്ഷിക്കുന്നത്.

വടക്കുകിഴക്കൻ ഭാഗത്ത് മംഗോളിയയുമായും ഇടതു ഭാഗത്ത് നിരവധി മുസ്‍ലിം രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയായ ഷിൻജ്യാങ്ങാണ് ഉയിഗൂർ മുസ്‍ലികളുടെ നാട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും 1949ൽ കമ്മ്യൂണിസ്റ്റ് ചൈന ഷിൻജ്യാങ്ങും അതിലെ നല്ലൊരു സംഖ്യ വരുന്ന മുസ്‍ലിം താമസക്കാരെയും തങ്ങളുടെ അധീനതയിലാക്കി. ഇന്നും ചൈനയുടെ കർശനമായ അധികാരത്തിന് കീഴിലാണ് ഷിൻജ്യാങ് ജനത കഴിയുന്നത്.

ഉയിഗൂർ മുസ്‍ലിംകൾ ഒരു മതം പിൻപറ്റുന്നു എന്നു മാത്രമല്ല, തുർക്ക് ജനതകൾ കൂടുതലായും താമസിക്കുന്ന കിർഗിസ്താൻ, ഖസാക്കിസ്ഥാൻ തുടങ്ങിയ തങ്ങളുടെ മധ്യ-ഏഷ്യൻ അയൽക്കാരുമായി വംശീയപരമായി പല സാമ്യതകളും പുലർത്തുന്നുമുണ്ട്. ചില ഉയിഗൂർ മുസ്‍ലിംകൾ ഇന്നും ഷിൻജ്യാങ്ങിനെ കിഴക്കൻ തുർക്കിസ്ഥാൻ എന്നാണ് വിളിക്കുന്നത്. ഷിൻജ്യാങ്ങിലും രാജ്യത്തിന് പുറത്തും താമസിക്കുന്ന ഉയിഗൂർ വിഭാഗക്കാർ സംസാരിക്കുന്ന ഉയിഗൂർ (മുൻപ് കിഴക്കൻ തുർക്കി) എന്ന ഭാഷയും ഇവർക്ക് സ്വന്തമായുണ്ട്.

രണ്ടാം ലോകയുദ്ധ കാലത്ത് ജർമനിയിൽ ജൂതന്മാരെയും അമേരിക്കയിൽ ജപ്പാൻ പൗരന്മാരെയും തടഞ്ഞു വെച്ചതിനെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് മുസ്‍ലിംകളെ ഇന്ന് ചൈനീസ് ഭരണകൂടം തടവിലാക്കിയിരിക്കുന്നത്

വേറിട്ടു നിൽക്കുന്ന തങ്ങളുടെ സംസ്കാരവും ചൈനീസ് ഭരണകൂടത്തിൽ നിന്ന് നേരിടുന്ന അതിക്രമങ്ങളും ചൂണ്ടിക്കാണിച്ച് സ്വതന്ത്ര്യരാജ്യമായി സ്വയം പ്രഖ്യാപിക്കാനുള്ള ഇവരുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഹാൻ വിഭാഗക്കാരെ കൂട്ടത്തോടെ ഷിൻജ്യാങ് അടക്കമുള്ള ഉൾനാടുകളിലേക്ക് പറഞ്ഞയച്ചു കൊണ്ടാണ് ചൈനീസ് സർക്കാർ ഈ ആവശ്യത്തെ നേരിട്ടത്. അതോടെ സ്വന്തം നാട്ടിൽ ഉയിഗൂർ ജനത ഒരു ന്യൂനപക്ഷമായി മാറി. സ്വാതന്ത്ര്യം ലഭിക്കുക എന്നത് ഏറെക്കുറെ അസംഭവ്യവുമായി.

2001 സെപ്‌റ്റംബർ 11ന് അമേരിക്കയിൽ നടന്ന തീവ്രവാദ ആക്രമണവും അതിനെ തുടർന്ന് ആരംഭിച്ച ‘തീവ്രവാദ വിരുദ്ധ പോരാട്ട’വും ഉയിഗൂറുകളെ അടിച്ചമർത്താനുള്ള ചൈനീസ് പദ്ധതികൾക്ക് പുതിയ സാധ്യതകൾ പകർന്നുകൊടുത്തു. ഇസ്‍ലാമിനെ തീവ്രവാദവുമായി സമീകരിക്കുന്ന ബുഷ് ഭരണകൂടത്തിന്റെ ഇസ്‍ലാം വിരുദ്ധത ചൈനീസുകാർ അതേ പോലെ ഏറ്റെടുത്തു. സ്വന്തം മതവും ഭാഷയും പാരമ്പര്യങ്ങളും ത്യജിച്ച് ബീജിങ് തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ജീവിതരീതി അംഗീകരിക്കാൻ വിസമ്മതിച്ചിരുന്ന ഒരു ജനതയെ നിരന്തര പീഢനത്തിന് ഇരയാക്കി അവരെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതിയുടെ മുഖ്യായുധമായി ഇസ്‍ലാം മാറി.

ഇസ്‍ലാമിനെതിരെയും മുസ്‍ലിംകൾക്കെതിരെയും ചൈനയിൽ നടക്കുന്ന നീക്കങ്ങളുമായി താരതമ്യം ചെയ്താൽ പാശ്ചാത്യ രാജ്യങ്ങളിൽ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കുട്ടിക്കളിയായി തോന്നും

ഉയിഗൂറുകളുടെ ഭാഷയ്ക്കും സംസ്കാരത്തിനും ഇസ്‍ലാമുമായി അഭേദ്യമായ ബന്ധമുണ്ട്. ഭീകര വിരുദ്ധ പോരാട്ടം സ്വാതന്ത്ര്യത്തിനുള്ള ഉയിഗൂർ മുന്നേറ്റങ്ങളെ അടിച്ചമർത്താൻ മാത്രമല്ല, ഉയിഗൂർ ജനതയെ തന്നെ ഉന്മൂലനം ചെയ്യാനും ബീജിങ്ങിനെ സഹായിച്ചു തുടങ്ങി. ഇസ്‍ലാമിക ചിഹ്നങ്ങളെ അമർച്ച ചെയ്യാൻ യൂറോപ്പിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും നടന്ന ശ്രമങ്ങളുടെ വാലു പിടിച്ചാണ് ചൈനീസ് പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടതെങ്കിലും പിന്നീട് ഇത് ഭയാനകമായ രൂപങ്ങൾ കൈവരിക്കുകയായിരുന്നു. ഇസ്‍ലാമിനെതിരെയും മുസ്‍ലിംകൾക്കെതിരെയും ചൈനയിൽ നടക്കുന്ന നീക്കങ്ങളുമായി താരതമ്യം ചെയ്താൽ പാശ്ചാത്യ രാജ്യങ്ങളിൽ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കുട്ടിക്കളിയായി തോന്നും.

തീവ്രവാദം തുരത്തുക എന്നതല്ല, ഉയിഗൂർ മുസ്‍ലിംകളെ തുരത്തുക എന്നതാണ് ചൈനീസ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനു വേണ്ടി ഉയിഗൂറുകളുടെ സംസ്കാരവുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന ഇസ്‍ലാമിക ജീവിതരീതിയെ കുറ്റവത്കരിക്കുകയും നിരന്തര നിരീക്ഷണത്തിന് ഇരയാക്കുകയും ചെയ്യുന്നു. 2015ൽ ഷിൻജ്യാങിലെ ഉയിഗൂർ മുസ്‍ലിം വിദ്യാർത്ഥികളെയും അധ്യാപകരെയും പൊതുസേവകരെയും റമദാനിൽ നോമ്പെടുക്കുന്നത് വിലക്കിക്കൊണ്ട് ചൈനീസ് സർക്കാർ വിജ്ഞാപനമിറക്കി. പൊതുസ്ഥലങ്ങളിൽ മാത്രമല്ല, വീടുകൾക്കകത്തു പോലും ഈ നിയമം ബാധകമായിരുന്നു. ഇസ്‍ലാമിക ചര്യകൾ പിന്തുടരുന്നത് വലിയ ശിക്ഷകൾ വിളിച്ചുവരുത്തുമെന്ന വ്യക്തമായ സന്ദേശമാണ് നോമ്പ് നിരോധത്തിലൂടെ ചൈനീസ് സർക്കാർ നൽകിയത്. ഇസ്‍ലാം എന്നത് ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റം മാത്രമല്ല, പൂർണമായും ഭേദമാക്കേണ്ട ഒരു രോഗം കൂടിയായാണ് വീക്ഷിക്കപ്പെടുന്നത്.

ഇതോടൊപ്പം ഉയിഗൂർ വിഭാഗക്കാരായ ഇമാമുകളെയും പള്ളികളെയും നിരീക്ഷണത്തിൽ വെക്കുകയും മതനിഷ്ഠരായ അധ്യാപകരെയും വിദ്യാർത്ഥികളെയും സ്കൂളുകളിൽ നിന്ന് ഒഴിവാക്കുകയും രാജ്യത്തിന് പുറത്ത് താമസിക്കുന്ന ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നതിൽ ഉയിഗൂർ മുസ്‍ലിംകൾക്ക് നിയന്ത്രണം കൽപിക്കുകയും ഷിൻജ്യാങിലെ സ്കൂളുകളിൽ കുട്ടികൾക്ക് വായിക്കാൻ നൽകുന്ന പാഠ്യപുസ്തകങ്ങളെ നിരീക്ഷണത്തിൽ വെക്കുകയും ചെയ്തു എന്ന് ഹ്യൂമൺ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഷിൻജ്യാങ് എന്ന പ്രവിശ്യ തന്നെ ഒരു തരം തുറന്ന തടവറയായി മാറിയിട്ടുണ്ടെങ്കിലും സർക്കാർ ഉത്തരവുകൾ പരസ്യമായി ലംഘിച്ചാൽ ഇസ്‍ലാം എന്ന രോഗം “ഭേദമാക്കാ”നും ഉയിഗൂറുകളെ അടിച്ചമർത്താനും വേണ്ടി സൃഷ്ടിക്കപ്പെട്ട യഥാർത്ഥ ക്യാമ്പുകളാണ് ശിക്ഷയായി ലഭിക്കുക.

‘പുനർ-വിദ്യാഭ്യാസ കേന്ദ്രങ്ങൾ’ എന്ന് സർക്കാർ വിശേഷിപ്പിച്ച ഈ തടവറ ക്യാമ്പുകൾ 2013 മുതലാണ് ഉയർന്നു വരാൻ തുടങ്ങിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ ക്യാമ്പുകളിൽ മുസ്‍ലിംകളെ കള്ളും പന്നിമാംസവും കഴിക്കാൻ നിർബന്ധിക്കുക, കമ്മ്യൂണിസ്റ്റ് പാർട്ടി ഗാനങ്ങൾ മനഃപാഠമാക്കാൻ നിർബന്ധിക്കുക, മാൻഡറിൻ ഭാഷ പഠിപ്പിക്കുക, മതവും സംസ്കാരവും മനസ്സിൽ നിന്ന് പുറത്തു തള്ളാനുള്ള ആസൂത്രിത പരിശീലനങ്ങൾ നടപ്പാക്കുക തുടങ്ങിയ ഭയാനകമായ പല നീക്കങ്ങളും അരങ്ങേറി.

പത്തോ ഇരുപതോ ശതമാനം വരുന്ന ഉയിഗൂർ മുസ്‍ലിംകൾ വീടുകളിൽ നിന്നും കുടുംബങ്ങളിൽ നിന്നും അകറ്റി മാറ്റപ്പെട്ട് ഇത്തരം ക്യാമ്പുകളിലാണ് ഇന്ന് കഴിയുന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇത്തരം വ്യാപകമായ ക്യാമ്പ് സംവിധാനങ്ങൾ ലോകത്ത് മറ്റെവിടെയും ഉണ്ടായിട്ടില്ല. പ്രതിരോധിക്കുന്നവർ ക്രൂരമായ ശിക്ഷകളാണ് നേരിടുന്നത്. നിരവധി പേരുടെ ജീവനുകൾ ഈ ക്യാമ്പുകൾക്കകത്ത് കൊഴിഞ്ഞുപോയിട്ടുണ്ട്. തടവറയിലുള്ളവരിൽ മിക്കവരും പുരുഷന്മാരാണ്. പുറത്തുള്ള മുസ്‍ലിം പുരുഷന്മാരുടെ സംഖ്യ കുറഞ്ഞതോടെ ഉയിഗറിലെ മുസ്‍ലിം സ്ത്രീകളെക്കൊണ്ട് അമുസ്‍ലിംകളായ ഹാൻ വിഭാഗക്കാരെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന നയവും ചൈനീസ് ഭരണകൂടം നടപ്പിലാക്കുന്നുണ്ട്. ഇതോടെ മുസ്‍ലിം ജനസംഖ്യ കൂടുതൽ താഴുകയും ഹാൻ ആധിപത്യത്തിന് കരുത്തേറുകയും ചെയ്യുന്നു.

പുനർ-വിദ്യാഭ്യാസ കേന്ദ്രങ്ങൾ’ എന്ന് സർക്കാർ വിശേഷിപ്പിച്ച ഈ തടവറ ക്യാമ്പുകൾ 2013 മുതലാണ് ഉയർന്നു വരാൻ തുടങ്ങിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ ക്യാമ്പുകളിൽ മുസ്‍ലിംകളെ കള്ളും പന്നിമാംസവും കഴിക്കാൻ നിർബന്ധിക്കുക, കമ്മ്യൂണിസ്റ്റ് പാർട്ടി ഗാനങ്ങൾ മനഃപാഠമാക്കാൻ നിർബന്ധിക്കുക, മാൻഡറിൻ ഭാഷ പഠിപ്പിക്കുക, മതവും സംസ്കാരവും മനസ്സിൽ നിന്ന് പുറത്തു തള്ളാനുള്ള ആസൂത്രിത പരിശീലനങ്ങൾ നടപ്പാക്കുക തുടങ്ങിയ ഭയാനകമായ പല നീക്കങ്ങളും അരങ്ങേറി

എല്ലാ ഉയിഗർ മുസ്‍ലിമിനെയും ഒരു പോലെ ബാധിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന ഒരു യാഥാർത്ഥ്യമാണ് ഷിൻജ്യാങിലെ ക്യാമ്പുകൾ. പോലീസിന്റെ നിരന്തരമായ സാന്നിധ്യത്തിലൂടെയും അയൽവാസികളെയും സഹപാഠികളെയും സഹപ്രവർത്തകരെയും ചാരാന്മാരായി നിയമിച്ചു കൊണ്ടും മുസ്‍ലിംകളുടെ സ്വന്തം കുട്ടികളെ പോലും വിവരങ്ങൾ ശേഖരിക്കാനുള്ള ഉപാധിയായി ഉപയോഗിച്ചു കൊണ്ടും ഈ ഭയത്തിന് ആക്കം കൂട്ടാനും സ്വന്തം മതചര്യങ്ങൾ അനുഷ്ഠിക്കുന്നതിൽ നിന്ന് ഉയിഗൂറുകളെ പിന്തിരിപ്പിക്കാനും ചൈനക്ക് സാധിക്കുന്നു. ഇസ്‍ലാമിനെ പിഴുതുമാറ്റുക എന്ന ലക്ഷ്യത്തിലെത്താൻ സമൂഹത്തിലെ ഏത് അംഗത്തെയും ഏതു വിധത്തിലും ഉപയോഗപ്പെടുത്താൻ സർക്കാർ മടിക്കുന്നില്ല.

“മാതാപിതാക്കളുടെ ജീവിതത്തെക്കുറിച്ച് രഹസ്യവിവരം നൽകാൻ അധ്യാപകർ തന്നെ ആവശ്യപ്പെടുന്നതിനാൽ തങ്ങളുടെ കുഞ്ഞുങ്ങൾ അറിഞ്ഞോ അറിയാതെയോ തങ്ങളെ തടവിലേക്ക് നയിക്കും എന്ന ഭീതിയിലാണ് പല ഉയിഗൂർ മുസ്‍ലിംകളും കഴിയുന്നത്,” എന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ദി അറ്റ്ലാൻറിക് പത്രത്തിൽ സിഗാൾ സാമുവൽ എഴുതിയിട്ടുണ്ട്. ക്യാമ്പുകൾക്കപ്പുറം ഷിൻജ്യാങിൽ നടക്കുന്ന അതിക്രമങ്ങളെ പറ്റിയുള്ള ചർച്ചകളിലേക്ക് ഈ ലേഖനം വഴി നയിച്ചു.

ക്യാമ്പുകളിൽ കഴിയുന്ന മുസ്‍ലിംകളുടെ മക്കളെ സർക്കാർ നടത്തുന്ന അനാഥാലയങ്ങളിലേക്ക് മാറ്റി താമസിപ്പിച്ച് അവിടെ വെച്ച് അവരെ സാംസ്കാരികമായ മസ്തിഷ്കപ്രക്ഷാളണത്തിന് പാത്രമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആറു മാസത്തിനും 12 വയസ്സിനുമിടയിൽ പ്രായമുള്ള കുട്ടികളെ മൃഗങ്ങളെ പോലെ തിങ്ങിതാമസിപ്പിച്ച് അവരുടെ മനസ്സും കാഴ്ചപ്പാടും തങ്ങൾക്കിണങ്ങുന്ന രീതിയിൽ വാർത്തെടുക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഈ അനാഥാലയങ്ങളിൽ നടക്കുന്നത്. സ്വന്തം മാതാപിതാക്കളിൽ നിന്നും സംസ്കാരത്തിൽ നിന്നും മതത്തിൽ നിന്നും മുഖം തിരിച്ച് നിരീശ്വരവാദവും മാൻഡറിൻ ഭാഷയും ഹാൻ സംസ്കാരവും പുണരാൻ ഇവർക്ക് പരിശീലനം ലഭിക്കുന്നു. ചൈന എന്ന രാജ്യം സ്ഥാപിക്കപ്പെടുന്നതിന് മുൻപ് തന്നെ നിലവിലുണ്ടായിരുന്ന ഒരു ദേശം പൂർണമായും ദുർബലപ്പെട്ടു വരുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്.

പത്തു ലക്ഷത്തോളം ഉയിഗൂർ മുസ്‍ലിംകൾ ചൈനീസ് ക്യാമ്പുകളിൽ കഴിയുന്നതിനെക്കുറിച്ച് സെപ്തംബർ 4ന് ഖാലെദ് ബദൂൻ എഴുതിയ ട്വീറ്റ് വ്യാപക ശ്രദ്ധയാകർഷിച്ചു. ഇക്കൂട്ടത്തിൽ പ്രവാസികളായ ഉയിഗൂർ മുസ്‍ലിംകളുമുണ്ടായിരുന്നു. അതിലൊരാൾ ലേഖകനെ വിളിച്ച് തന്റെ ബന്ധുക്കളും സുഹൃത്തുക്കളും അനുഭവിക്കുന്ന യാതനകളെ പറ്റി വിശദമായി അദ്ദേഹത്തോട് സംസാരിച്ചു. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളിൽ ഈ പ്രതിസന്ധിക്ക് വളരെ കുറച്ച് ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. അതു കൊണ്ട് ലോകത്തിലെ നല്ലൊരു വിഭാഗം ആളുകളും ചൈനയിൽ നടന്നു കൊണ്ടിരിക്കുന്ന ഭീകര സംഭവങ്ങളെക്കുറിച്ച് തികച്ചും അജ്ഞരാണ്.

“ഞങ്ങൾ ലോകത്തിനു വേണ്ടി കാത്തിരിക്കുകയാണ്,” എന്നാണ് വിദ്യാർത്ഥിയായ ആ പ്രവാസി ലേഖകനോട് പറഞ്ഞത്, “ഞങ്ങൾ ആരാണെന്ന് ലോകം അറിയാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.” തലമുറകളായി ജീവിച്ചു പോന്നിരുന്ന മണ്ണിൽ ജീവിക്കുന്നുവെന്നും തനതായ സംസ്കാരങ്ങൾ കാത്തുസൂക്ഷിക്കുന്നുവെന്നുമുള്ള കുറ്റത്തിന് ഭീകര പീഢനങ്ങൾ ഏറ്റുവാങ്ങുന്ന പ്രൌഢിയും സംസ്കാരവുമുള്ള ഒരു ജനതയാണ് ഉയിഗൂറുകൾ. അവരെ ഈ വിധത്തിൽ തിരിച്ചറിയുന്നതിലൂടെ തന്നെ ചൈനീസ് അതിക്രമങ്ങളുടെ മുനയൊടിക്കാൻ ലോകത്തിന് സാധിക്കും. കാരണം ഉയിഗൂറുകൾ എന്ന ജനത ജീവിച്ചിരിപ്പില്ലെന്നും അങ്ങനെയൊരു മുസ്‍ലിം മുഖം ചൈനക്കില്ലെന്നും സ്ഥാപിച്ചെടുക്കാനാണ് അവർ ശ്രമിക്കുന്നത്. ഈ തിരിച്ചറിവ് ലോകത്തിന് ലഭിച്ചില്ലെങ്കിൽ ലോകത്തിലെ അടുത്ത മഹാദുരന്തം അരങ്ങേറാൻ പോകുന്നത് ചൈനയിലാണ് എന്നതിൽ ഒരു സംശയവും വേണ്ട.

Similar Posts