അൾജീരിയയിൽ ചേരുന്ന ഒപെക് സമിതി യോഗം ബഹിഷ്കരിക്കുമെന്ന് ഇറാൻ
|എന്നാൽ തങ്ങളുടെ താൽപര്യത്തെ ഹനിക്കുന്ന ഏതൊരു ഒപെക് തീരുമാനത്തെയും തങ്ങൾ വീറ്റോ ചെയ്യുമെന്ന് ഇറാൻ എണ്ണമന്ത്രി ബൈജാൻ സംഗനിഅ് പറഞ്ഞു.
എണ്ണ ഉൽപാദനം വർധിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച്
അൾജീരിയയിൽ ചേരുന്ന ഒപെക് സമിതി യോഗം ബഹിഷ്കരിക്കുമെന്ന്
ഇറാൻ. ആണവകരാറിൽ നിന്ന് പിന്തിരിഞ്ഞ അമേരിക്ക നവംബർ ആദ്യവാരം മുതൽ ഇറാൻ എണ്ണ വിൽപനക്ക് ഉപരോധം ഏർപ്പെടുത്താനിരിക്കെ, ഒപെക് നീക്കം രാജ്യത്തിന്റെ താൽപര്യങ്ങൾക്ക്
തിരിച്ചടിയാകും എന്നാണ് ഇറാന്റെ കുറ്റപ്പെടുത്തൽ.
ഇറാനിൽ നിന്നുള്ള എണ്ണ ഉൽപാദനം നിലക്കുന്നതോടെ രൂപപ്പെടുന്ന വിതരണകമ്മി നിലവിലെ ക്വാട്ടയിൽ ഒപെക് വർധന വരുത്തിയാൽ പരിഹരിക്കപ്പെടും എന്നാണ് യു.എസ് പ്രസിഡന്റ് ട്രംപിന്റെ പ്രതീക്ഷ. ഉൽപാദന ക്വാട്ട ഉയർത്തണമെന്ന് നേരത്തെ തന്നെ ട്രംപ് സൗദി ഉൾപ്പെടെ ഒപെക് നേതൃരാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു. ആഗോളവിപണിയിൽ ബാരലിന് 80 ഡോളറായി എണ്ണവില ഉയർന്നിരിക്കെ, ഇറാനിൽ നിന്നുള്ള വിതരണം നിലച്ചാൽ വില ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയാണ്
പൊതുവെയുള്ളത്. ഈ സാഹചര്യത്തിലാണ് ഈ മാസം 24ന്
അൾജീരിയയിൽ ചേരാനിരിക്കുന്ന ഒപെക് സമിതി യോഗം നിർണായകമാവുന്നത്.
റഷ്യ ഉൾപ്പെടെ ഒപെക് ഇതര രാജ്യങ്ങൾ ഉൽപാദനം ഉയർത്തി വില കുറക്കണം എന്ന നിലപാടിലാണ്. എന്നാൽ തങ്ങളുടെ താൽപര്യത്തെ ഹനിക്കുന്ന ഏതൊരു ഒപെക് തീരുമാനത്തെയും തങ്ങൾ വീറ്റോ ചെയ്യുമെന്ന് ഇറാൻ എണ്ണമന്ത്രി ബൈജാൻ സംഗനിഅ്
പറഞ്ഞു. ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയർത്തുന്നത്
ഒപെകിന്റെ തെറ്റായ നിലപാടാണെന്നാണ് യു.എസ് പ്രസിഡന്റ്
ട്രംപിന്റെ കുറ്റപ്പെടുത്തൽ.
ഉപരോധം അടിച്ചേൽപിച്ചാൽ ഹോർമുസ് പാതയിലൂടെയുള്ള എണ്ണവിതരണം തടയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ അത്
പ്രതികൂലമായി ബാധിക്കും. കൂടുതൽ പ്രക്ഷുബ്ധമായ സാഹചര്യമാകും അതോടെ രൂപപ്പെടുക.