International Old
ഇറാനില്‍ സൈനിക പരേഡിനു നേരെ ഭീകരാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു
International Old

ഇറാനില്‍ സൈനിക പരേഡിനു നേരെ ഭീകരാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു

Web Desk
|
23 Sep 2018 3:44 AM GMT

ഇറാനില്‍ സൈനിക പരേഡിനു നേരെ ഭീകരാക്രമണം. കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. തൊണ്ണൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്. രാജ്യത്തിന് പുറത്തുനിന്നുള്ള ശക്തികളാണ് ആക്രമണത്തിനു പിന്നിലെന്ന് ഇറാന്‍ ആരോപിച്ചു.

തെക്ക് പടിഞ്ഞാറന്‍ ഇറാനിലെ അഹ്‍വാസ് നഗരത്തില്‍ നടന്ന സൈനിക പരേഡിനു നേരെയാണ് വെടിവെപ്പ് നടന്നത്. പരേഡില്‍ പങ്കെടുത്ത സൈനികരേയും പരേഡ് കണ്ട് കൊണ്ടിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ എന്നിവരെയാണ് ആക്രമികള്‍ ലക്ഷ്യം വെച്ചത്. പരേഡിന് സമീപത്തെ പാര്‍ക്കില്‍ നിന്നാണ് വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ടവരില്‍ സൈനികര്‍, മാധ്യമപ്രവര്‍ത്തകര്‍ സ്ത്രീകള്‍, കുട്ടികള്‍ എന്നിവരാണുള്ളത്. ആക്രമണം നടത്തിയ നാല് പേരെ സുരക്ഷാ സൈന്യം ഏറ്റു മുട്ടലില്‍ വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9 മണിക്കാണ് സംഭവം നടന്നത്. വെടിവെപ്പ് 10 മിനിറ്റിലധികം നീണ്ട് നിന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഒരു വിദേശ രാജ്യത്തെ ഞങ്ങള്‍ക്ക് സംശയമുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് ശെരീഫ് ട്വീറ്റ് ചെയ്തു. 1980 മുതല്‍ 1988 വരെ നടന്ന ഇറാന്‍-ഇറാഖ് യുദ്ധത്തിന്‍റെ ആനുസ്മരണാര്‍ഥമാണ് പരേഡ് സംഘടിപ്പിച്ചത്. ഇറാനിലെ എണ്ണ സമ്പന്ന പ്രവിശ്യയായ ഖൂസെസ്താന്‍റെ തലസ്ഥാനമാണ് അഹ്‍വാസ്. അമേരിക്കയുടെ പാവകള്‍ ഇറാനില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്ന് ആത്മീയ നേതാവ് ആയത്തുള്ള ഖുമൈനി ആക്രമണത്തെക്കുറിച്ച് പറഞ്ഞത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ ആക്രമണത്തില്‍ നടുക്കവും വേദനയും രേഖപ്പെടുത്തി. ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ ഇറാനൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ റഷ്യ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

Similar Posts