ബിഷപ്പ് നിയമനം; ചരിത്രപരമായ കരാറില്‍ ചൈനയും വത്തിക്കാനും ഒപ്പുവച്ചു
|ഇതോടെ പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിന് പരിഹാരമായി. കരാര്‍ പ്രകാരം വത്തിക്കാനും ചൈനീസ് ഭരണകൂടത്തിനും സമ്മതനായ ആളെയായിരിക്കും ബിഷപ്പായി നിയമിക്കുക.
ബിഷപ്പ് നിയമനം സംബന്ധിച്ചുള്ള ചരിത്രപരമായ കരാറില്‍ ചൈനയും വത്തിക്കാനും ഒപ്പുവെച്ചു. ഇതോടെ പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിന് പരിഹാരമായി. കരാര്‍ പ്രകാരം വത്തിക്കാനും ചൈനീസ് ഭരണകൂടത്തിനും സമ്മതനായ ആളെയായിരിക്കും ബിഷപ്പായി നിയമിക്കുക.
വത്തിക്കാന്‍ പ്രതിനിധി അന്റോണിയെ കാമില്ലേരിയും ചൈനീസ് വിദേശകാര്യ സഹമന്ത്രി വാങ് ചാഓയുമായാണ് കരാറില്‍ ഒപ്പ് വെച്ചത്. തുടര്‍ച്ചയായ അനുരഞ്ജന ചര്‍ച്ചകളുടെ ഫലമാണ് കരാറില്‍ ഒപ്പിടാന്‍ ധാരണയായതെന്ന് വത്തിക്കാന്‍ അറിയിച്ചു. കരാര്‍ സമയ ബന്ധിതമായി പുനപരിശോധിക്കുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ബിഷപ്പ് നിയമനം വിജയമായതോടെ വത്തിക്കാനും ബെയ്ജിങും തമ്മിയുള്ള യതന്ത്രബന്ധവും മെച്ചപ്പെടുത്താന്‍ നീക്കം നടത്തുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കരാറിന് എല്ലാവിധ ആശംസകളും മാർപാപ്പ നേര്‍ന്നതായി വത്തിക്കാൻ വക്താവ് ഗ്രെഗ് ബുർക്ക് വ്യക്തമാക്കി. തയ്‌വാൻ വിഷയവുമായി ബന്ധപ്പെട്ട് 1951-മുതൽ വത്തിക്കാനുമായുള്ള നയതന്ത്രസഹകരണം ചൈന അവസാനിപ്പിച്ചിരുന്നു. തങ്ങളുടെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്ന തായ്‍വാനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച 1951-ലെ വത്തിക്കാന്റെ നിലപാടാണ് ചൈനയെ ചൊടിപ്പിച്ചത്. ബിഷപ്പ് നിയമനം അംഗീകരിച്ച കരാറിലും വത്തിക്കാൻ തയ്‍വാൻ വിഷയം പരാമർശിച്ചിട്ടില്ല.