ഫുട്ബോള്‍ തര്‍ക്കം; ഇന്തോനേഷ്യയില്‍ എതിര് ടീം ആരാധകനെ അടിച്ചു കൊന്നു
|ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ തര്‍ക്കത്തിന്റെ പേരില്‍ പതിനഞ്ചോളം വരുന്ന സംഘം എതിര് ടീം ആരാധകനെ അടിച്ചു കൊന്നു. ഇന്തോനേഷ്യയിലെ ബദ്ധവെെരികളായ 'പെര്‍സിബ് ബന്ദങ്', 'പെര്‍സിജ ജക്കാര്‍ത്ത' എന്നീ ക്ലബ് ടീമുകളെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് സംഭവം.
'പെര്‍സിജ ജക്കാര്‍ത്ത' ആരാധകനായ ഹരിങ്ഗ സിര്‍ലയെ ഇരുമ്പ് ദണ്ഡുകളും വടികളുമായി വന്ന ബന്ദങ് ആരാധകര്‍ സ്റ്റേഡിയത്തിനു പുറത്ത് വെച്ച് അക്രമിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
2012 മുതല്‍ ഇരു ക്ലബുകളെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഏഴു പേരാണ് കൊല്ലപ്പെട്ടത്. അധികാരികളുടെ അവഗണനയാണ് ക്ലബ് വെെര്യം അക്രമണങ്ങളില്‍ കലാശിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ ഇന്തോനേഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് ഖേദം പ്രകടിപ്പിച്ചു.
കഴിഞ്ഞ മാസം ഇന്തോനേഷ്യയില്‍ നടന്ന അണ്ടര്‍-19 എ.എഫ്.എഫ് കപ്പില്‍ ഇന്തോനേഷ്യയെ പരാജയപ്പെടുത്തിയ മലേഷ്യന്‍ ടീം അംഗങ്ങള്‍ക്ക് നേരെ കല്ലുകളും കുപ്പികളും എറിഞ്ഞായിരുന്നു ആരാധകര്‍ രോഷം പ്രകടിപ്പിച്ചിരുന്നത്.