International Old
ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്ക് തടയിടാന്‍ നീക്കങ്ങള്‍ സജീവമാക്കി തെരേസ മേ
International Old

ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്ക് തടയിടാന്‍ നീക്കങ്ങള്‍ സജീവമാക്കി തെരേസ മേ

Web Desk
|
24 Sep 2018 1:55 AM GMT

നവംബറില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനാണ് മേയുടെ പദ്ധതി. സണ്‍ഡേ ടൈംസ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്ക് തടയിടാന്‍ നീക്കങ്ങള്‍ സജീവമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. നവംബറില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനാണ് മേയുടെ പദ്ധതി. സണ്‍ഡേ ടൈംസ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നിലവിലെ സാഹചര്യത്തില്‍ ബ്രക്സിറ്റ് നടപ്പാക്കുന്നത് രാജ്യത്തിന് കനത്ത തിരിച്ചടിയാണെന്ന ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടെയാണ് പ്രധാനമന്ത്രി പദം സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ തെരേസ മേ സജീവമാക്കിയിരിക്കുന്നത്. അതിന്റെ ഭാഗമായി നവംബറില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ പദ്ധതിയുണ്ടെന്ന് തെരേസ മേയുടെ മുതിര്‍ന്ന ഉപദേശകര്‍ പറഞ്ഞതായി സണ്‍ഡേ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബ്രക്സിറ്റ് നടപ്പാകുമ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളില്‍ സ്വതന്ത്ര വ്യാപാരം സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കൂടിയാണ് ഇടക്കാല തെരഞ്ഞെടുപ്പെന്ന ആലോചന സജീവമായിരിക്കുന്നത്. സാല്‍സ്ബര്‍ഗില്‍ കഴിഞ്ഞ ആഴ്ച നടന്ന ഉച്ചകോടിയില്‍ മേ മുന്നോട്ട് വെച്ച സ്വതന്ത്ര്യ വ്യാപാര കരാറെന്ന നിര്‍ദേശത്തെ എല്ലാ അംഗരാജ്യങ്ങളും ഒറ്റക്കെട്ടായി എതിര്‍ത്തു. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ നടക്കുന്പോള്‍ ജനങ്ങളുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്ന് ബോധ്യപ്പെടുത്താനും അവര്‍ ആലോചിക്കുന്നു. കൂടാതെ അടുത്ത വേനല്‍ക്കാലമാകുന്പോഴേക്കും അധികാരമൊഴിയനുള്ള ആലോചനയും തെരേസ മേക്കുള്ളതായി അവരുടെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്ക് പിന്തുണ തേടുന്നതിന്റെ ഭാഗമായി 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍തെരേസ മേ ഉള്‍പ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം കുറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബൈന്‍ രംഗത്തെത്തി.

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഒരുക്കല്‍ കൂടി ജനഹിത പരിശോധന നടത്തണമെന്നാവസ്യപ്പെട്ട് ലിവര്‍പൂളില്‍ പ്രതിഷേധ പ്രകടനം നടന്നു. ബ്രെക്സിറ്റ് നടപ്പാക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയനുമായി കരാറുണ്ടാക്കാന്‍ അടുത്ത മാര്‍ച്ച് വരെ തെരേസ മേക്ക് സമയമുണ്ട്. അതിനുള്ളില്‍ വ്യക്തമായ ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ഒരു കരാറുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന് പുറത്തു പോകേണ്ടി വരും. ശേഷം വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ നിയമമനുസരിച്ചേ യൂറോപ്യന്‍ രാജ്യങ്ങളുമായി ബ്രിട്ടണ് വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടാനാകൂ.

Related Tags :
Similar Posts