വ്യാപാര യുദ്ധം; അമേരിക്കയുമായി ചര്‍ച്ച പ്രയാസകരമെന്ന് ചൈന
|നാല് തവണ അമേരിക്കയുമായി ചര്‍ച്ച നടത്തിയതാണ്. ചില കാര്യങ്ങളില്‍ ധാരണയാവുകയും ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് യുഎസ് ഇക്കാര്യങ്ങളില്‍ നിന്നും പിന്നാക്കം പോയതെന്ന് അറിയില്ലെന്നും വാങ് ഷുവാന്‍ പറഞ്ഞു.
വ്യാപാര യുദ്ധത്തില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തുക പ്രയാസകരമെന്ന് ചൈന. ഇറക്കുമതി തീരുവ കൂട്ടുന്ന യു.എസിന്റെ നടപടി കഴുത്തില്‍ കത്തി വയ്ക്കുന്നതിന് തുല്യമാണ്. അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ചൈന വ്യക്തമാക്കി.
വ്യാപാരയുദ്ധം പരിപഹരിക്കാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ചൈന തയ്യാറാണ്. എന്നാല്‍ അമേരിക്ക അടിക്കിടെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തീരുവ കൂട്ടുന്നത് അംഗീകരിക്കാനാകില്ലെന്നും അത് ചൈനയുടെ കഴുത്തില്‍ കത്തി വയ്ക്കുന്നതിന് തുല്യമാണെന്നും വ്യവസായ സഹമന്ത്രി വാങ് ഷുവാന്‍ പറഞ്ഞു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ അമേരിക്കയുമായി ഒരു ചര്‍ച്ച നടത്തുക പ്രയാസകരമാണെന്ന് അദ്ധേഹം വ്യക്തമാക്കി.
വ്യാപാര യുദ്ധം പരിഹരിക്കുന്നതില്‍ നാല് തവണ അമേരിക്കയുമായി ചര്‍ച്ച നടത്തിയതാണ്. അതില്‍ ചില കാര്യങ്ങളില്‍ ധാരണയാവുകയും ചെയ്തതാണ്. എന്നിട്ടും എന്തുകൊണ്ടാണ് യു.എസ് ഇക്കാര്യങ്ങളില്‍ നിന്നും പിന്നാക്കം പോയതെന്ന് അറിയില്ലെന്നും വാങ് ഷുവാന്‍ പറഞ്ഞു. സമ്പദ് വ്യവസ്ഥ വികസിപ്പിക്കാനുള്ള അവകാശം വ്യാപാര യുദ്ധത്തിന്റെ പേരില്‍ ബലികഴിക്കാൻ സാധിക്കില്ല. നിലവിലെ വ്യാപാര പ്രതിസന്ധി നേരിടാൻ ചൈനീസ് സമ്പദ്വ്യവസ്ഥക്ക് കരുത്തുണ്ട്.
ആഭ്യന്തര ഉപഭോഗം വർധിപ്പിച്ചും നിക്ഷേപം കൂട്ടിയും സ്വകാര്യ മേഖലയിൽ കൂടുതൽ വ്യവസായങ്ങൾ അനുവദിച്ചും നിലവിലെ പ്രതിസന്ധിയെ നേരിടുമെന്നും ചൈന വ്യക്തമാക്കി. യൂറോപ്യൻ യൂനിയൻ, ജപ്പാൻ, റഷ്യ, രാജ്യങ്ങൾ എന്നിവയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്നും ചൈനീസ് അധികൃതർ അറിയിച്ചു.