റോഹിങ്ക്യൻ വംശഹത്യ: ആങ് സാൻ സൂചിയുടെ ബഹുമതി പൗരത്വം കാനഡ പിൻവലിച്ചു
|മ്യാന്മർ നേതാവ് ആങ് സാൻ സൂചിക്ക് നൽകിയിരുന്ന ബഹുമതി പൗരത്വം കാനഡ റദ്ധാക്കി. റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരെ നടന്ന അതിക്രമത്തിൽ നിരുത്തരവാദപരമായ സമീപനം കൈക്കൊണ്ടതിനാണ് സൂചിയുടെ പൗരത്വം പിൻവലിക്കാൻ കനേഡിയൻ പാർലമെന്റിലെ മുഴുവൻ എം.പിമാരും വോട്ട് ചെയ്തത്.
മ്യാന്മറിൽ റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരെ സൈന്യവും ബുദ്ധവിശ്വാസികളും നടത്തിയ അതിക്രമം വംശഹത്യയാണെന്ന പ്രമേയം പാർലമെന്റ് അംഗീകരിച്ച് ഒരാഴ്ചക്ക് ശേഷമാണ് വോട്ടെടുപ്പ് നടക്കുന്നത്.
മ്യാന്മറിൽ ജനാധിപത്യത്തിന് വേണ്ടി വാദിച്ച് വീട്ടുതടങ്കലിൽ കഴിയവെ 2007 ൽ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ വെച്ചാണ് സൂചിക്ക് ബഹുമതി പൗരത്വം ലഭിച്ചത്. എന്നാൽ, ഏഴു ലക്ഷത്തോളം റോഹിങ്ക്യൻ മുസ്‌ലിംകളെ ബംഗ്ലാദേശിലും മറ്റും അഭയം തേടാൻ നിർബന്ധിതരാക്കിയ വംശഹത്യയെ അപലപിക്കാൻ തയ്യാറാക്കാത്തതിന്റെ പേരിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ രൂക്ഷമായ വിമർശനമാണ് സൂചി നേരിട്ടത്.
വംശഹത്യക്കുള്ള ഏറ്റവും വലിയ ഉദാഹരണം എന്ന് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ച അതിക്രമത്തെ അപലപിക്കാനുള്ള ആവശ്യം നിരന്തരമായി നിരാകരിച്ചതിനാണ് സൂചിയുടെ പൗരത്വം റദ്ദാക്കുന്നതെന്ന് കാനഡയുടെ വിദേശകാര്യ വക്താവ് ആദം ഓസ്റ്റിൻ പറഞ്ഞു.