മ്യാന്‍മര്‍ കൂട്ടക്കൊല അന്വേഷിക്കാന്‍ പുതിയ സമിതി; ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കി
|കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായി പുതിയ സമിതിയെ നിയോഗിക്കണമെന്ന ആവശ്യം യൂറോപ്യന്‍ യൂണിയനും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‍ലാമിക് കോപ്പറേഷനുമാണ് മുന്നോട്ടുവെച്ചത്.
മ്യാന്‍മറിലെ കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ പുതിയ സമിതിയെ നിയോഗിക്കണമെന്ന പ്രമേയം ഐക്യരാഷ്ട്ര സഭയില്‍ പാസായി. 47 അംഗങ്ങളില്‍ 35 പേരും പുതിയ സമിതിയെന്ന ആവശ്യത്തെ അനുകൂലിച്ചു.
മ്യാന്‍മറില്‍ റോഹിങ്ക്യകൾക്കെതിരായി നടന്ന വംശീയ കൂട്ടക്കൊലയുടെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായി പുതിയ സമിതിയെ നിയോഗിക്കണമെന്ന ആവശ്യം യൂറോപ്യന്‍ യൂണിയനും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‍ലാമിക് കോപ്പറേഷനുമാണ് മുന്നോട്ടുവെച്ചത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൌണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ ചൈന, ഫിലിപ്പൈന്‍സ്, ബുറുണ്ടി എന്നീ രാജ്യങ്ങൾ പുതിയ സമിതിയെ എതിര്‍ത്തു. ഏഴ് അംഗരാജ്യങ്ങൾ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
പുതിയ സമിതിയെന്ന ആവശ്യത്തെ മ്യാന്‍മര്‍ ശക്തമായി എതിര്‍ത്തു. യു.എന്‍ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമിതിയെ നിയോഗിക്കുന്നതും അന്വേഷണ റിപ്പോര്‍ട്ട് മ്യാന്‍മര്‍ പൂര്‍ണമായും തള്ളിയതാണെന്നും ഐക്യരാഷ്ട്ര സഭയിലെ മ്യാന്‍മര്‍ അംബാസിഡര്‍ ക്യോ മോ തുന്‍ പറഞ്ഞു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പക്ഷപാതപരവും രാജ്യത്തെ ഐക്യം തകര്‍ക്കുന്നതുമാണെന്നും മ്യാന്‍മര്‍ ആരോപിക്കുന്നു.
പുതിയെ അന്വേഷണ സമിതിയെ നിയോഗിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് വിലങ്ങുതടിയാകുമെന്നും രാജ്യത്ത് നിന്ന് പലായനം ചെയ്തവരെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാകുമെന്നും ചൈന പറയുന്നു. അതുകൊണ്ടാണ് സമിതിയെ എതിര്‍ത്തതെന്നും ചൈനയുടെ നയതന്ത്ര പ്രതിനിധി ചെന്‍ ചെങ് വ്യക്തമാക്കി. പാകിസ്താന്‍ അംബാസിഡറും ഒ.ഐ.സി കോര്‍ഡിനേറ്ററുമായ ഫറൂഖ് അമില്‍ റോഹിങ്ക്യന്‍ വിഷയത്തില്‍ ഓങ്സാന്‍ സൂചി മൌനം പാലിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി.