International Old
മസൂദ് അസ്ഹറിനെതിരായ ഇന്ത്യന്‍ നീക്കത്തെ തുടര്‍ച്ചയായി വീറ്റോ ചെയ്തതിനെ ന്യായീകരിച്ച് ചെെന
International Old

മസൂദ് അസ്ഹറിനെതിരായ ഇന്ത്യന്‍ നീക്കത്തെ തുടര്‍ച്ചയായി വീറ്റോ ചെയ്തതിനെ ന്യായീകരിച്ച് ചെെന

Web Desk
|
29 Sep 2018 11:54 AM GMT

‘രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ വിഷയത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. പ്രശ്‌നത്തില്‍ പ്രധാന കക്ഷികളായ ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ തന്നെ യോജിപ്പില്ല’

പാക് ഭീകരന്‍ മസൂദ് അസ്ഹറിനെതിരെ യു.എന്നില്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങളെ തുടര്‍ച്ചയായി വീറ്റോ ചെയ്യുന്നതിനെ ന്യായീകരിച്ച് ചൈന. ജയ്ശ്-ഏ-മൊഹമ്മദ് തലവന്‍ മസൂദിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ട ഇന്ത്യന്‍ നീക്കങ്ങളെ സവിശേഷമായ വീറ്റോ അധികാരം ഉപയോഗിച്ച് തുടര്‍ച്ചായായി റദ്ദാക്കുന്നതിനിടെയാണ് വിശദീകരണവുമായി ചൈന രംഗത്ത് എത്തിയത്.

യു.എന്‍ രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ വിഷയവുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായം നിലനില്‍ക്കുന്നതാണ് വീറ്റോ ചെയ്യാനുള്ള കാരണമെന്നും, പ്രശ്‌നത്തില്‍ പ്രധാന കക്ഷികളായ ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ തന്നെ യോജിപ്പില്ലെന്നുമാണ് ചൈനയുടെ വാദം. ഇരു കക്ഷികള്‍ക്കുമിടയില്‍ സമവായമുണ്ടായാല്‍ പ്രമേയത്തിന് അനൂകൂലമായി നിലകൊള്ളുന്നുമെന്നും ചൈന അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജമ്മു-കാശ്മീരിലെ ഉറി മിലിറ്ററി ബേസില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ആക്രമണം ഉള്‍പ്പടെ, നിരവധി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ സൂത്രധാരന്‍ എന്ന് ഇന്ത്യ തെളിവു സഹിതം ആരോപിക്കുന്ന വ്യക്തിയാണ് ജയ്ശ് സ്ഥാപകനായ മസൂദ് അസ്ഹര്‍. നിലവില്‍ യു.എന്നിന്റെ നിരോധിത ഭീകര സംഘടനകളുടെ കൂട്ടത്തിലാണ് ജയ്ശ്-എ-മൊഹമ്മദ് ഉള്ളത്.

ഒരു സംഘടനയെ ഭീകര സംഘടനയാക്കുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ ഇത് സാധ്യമല്ലെന്നുമാണ് ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യി യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പറഞ്ഞത്. ഇരു രാജ്യങ്ങളും യോജിച്ചൊരു തീരുമാനത്തിലെത്തിയാല്‍ പരിഹരിക്കാവുന്നതേ ഉള്ളു കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഫ്രാന്‍സ്, ബ്രിട്ടണ്‍ ഉള്‍പ്പടെയുള്ള മറ്റ് യു.എന്‍ സ്ഥിരം സമിതി അംഗങ്ങള്‍ ഇന്ത്യന്‍ നീക്കത്തെ പിന്തുണച്ച് നേരത്തേ രംഗത്ത് വന്നിരുന്നു.

Similar Posts