യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം പള്ളി ജര്‍മനിയില്‍ തുറന്നു
|യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം പള്ളി ജര്‍മനിയില്‍ ഉര്‍ദുഗാന്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു.
തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ ത്രിദിന ജര്‍മ്മന്‍ സന്ദര്‍ശനം അവസാനിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം പള്ളി ജര്‍മനിയില്‍ ഉര്‍ദുഗാന്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ജര്‍മനിയിലെ കൊളോയനിലാണ് യൂറോപ്പിലെ ഏറ്റവും വലിയ പള്ളി നിര്‍മിച്ചത്. ജര്‍മന്‍ സന്ദര്‍ശനത്തിന്റെ മൂന്നാം ദിനത്തിലാണ് നിരവധി തുര്‍ക്കി വംശജര്‍ താമസിക്കുന്ന കൊളോണില്‍ ഉര്‍ദുഗാന്‍ സന്ദര്‍ശനം നടത്തിയത്. തുര്‍ക്കിയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നെന്ന് ആരോപിച്ച് നിരവധി പേര്‍ പ്രതിഷേധവുമായി എത്തിയതോടെ കനത്ത സുരക്ഷയിലായിരുന്നു പള്ളിയുടെ ഉദ്ഘാടനം.
ഉര്‍ദുഗാന് പിന്തുണ അറിയിച്ച് ആയിരക്കണക്കിന് അനുയായികളും കൊളോയന്‍ സെന്‍ട്രല്‍ മസ്ജിദിലെത്തിയിരുന്നു. തുര്‍ക്കിയില്‍ പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ഫത്ഹുള്ള ഗുലനെ സംരക്ഷിക്കുന്ന നിലപാട് അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും അവസാനിപ്പിക്കണമെന്ന് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു.
ഗുലന്റെ അനുയായികള്‍ക്ക് യൂറോപ്പോ അമേരിക്കയോ അഭയം നല്‍കരുത്, എന്നാല്‍ ഈ രാജ്യങ്ങള്‍ ഇവര്‍ക്കെതിരെ തെളിവ് ചോദിക്കുകയാണ്. സത്യത്തില്‍ അവര്‍ക്കെതിരെ തുര്‍ക്കി കോടതി വിധി പുറപ്പെടുവിച്ചതാണ്, നിങ്ങളുടെ കോടതി വിധി മാത്രം ശരിയാകുകയും ഞങ്ങളുടേത് തെറ്റാവുന്നത് എങ്ങനെയെന്നും ഉര്‍ദുഗാന്‍ ചോദിച്ചു. തുര്‍ക്കി വംശജനായ ഫുട്ബോള്‍ താരം മെസൂദ് ഓസിലിന് ജര്‍മന്‍ ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതിലും അദ്ദേഹം വിമര്‍ശിച്ചു.