International Old
ചൊവ്വാ ഗ്രഹത്തിൽ കാറോടിച്ച എലോൺ മസ്കിന്റെ വിശേഷങ്ങൾ 
International Old

ചൊവ്വാ ഗ്രഹത്തിൽ കാറോടിച്ച എലോൺ മസ്കിന്റെ വിശേഷങ്ങൾ 

Web Desk
|
2 Oct 2018 4:59 PM GMT

സ്വന്തമായി ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനം തന്നെയാണ് എലോൺ മസ്കിന്റെ ജീവിതം.

ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല, ചൊവ്വയിലേക്ക് ടൂറിസം പദ്ധതി പ്രഖ്യാപിച്ച സ്‌പേസ് എക്‌സ്, സൗരോർജ്ജം ഉല്പാദിപ്പിക്കുന്ന സോളാർ സിറ്റി എന്നീ കമ്പനികളുടെ സ്ഥാപകനും സഹസ്രകോടീശ്വരനുമാണ് എലോണ്‍ മസ്‌ക്. തായ്‌ലാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ ഗുഹയില്‍ കുടുങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ ചെറിയ അന്തര്‍വാഹിനിയൊക്കെ ഉണ്ടാക്കി രക്ഷകനായി ട്വിറ്ററില്‍ അവതരിച്ചിരുന്നു. എന്നാല്‍, രക്ഷാപ്രവര്‍ത്തനം നടത്തിയ ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധന്‍ വേണ്‍ ഉന്‍സ്‌വെര്‍ത്ത് അത് ചുമ്മാ പി.ആര്‍ സ്റ്റണ്ടാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് മറുപടി ട്വീറ്റ് ചെയ്തപ്പോള്‍ ഉന്‍സ്‌വെര്‍ത്തിനെ പീഡോ ഗയ് എന്ന് വിളിച്ചു എലോണ്‍ മസ്‌ക്. വേണ്‍ ഉന്‍സ്‌വെര്‍ത്ത് ബ്രിട്ടീഷ് കോടതിയില്‍ മാനനഷ്ടം ഫയല്‍ ചെയ്തു.

ട്വിറ്ററിൽ സജീവമായ എലോൺ മസ്ക് ഒരു ട്വീറ്റിന്റെ പേരിലാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. ടെസ്‌ലയുടെ മുഴുവൻ ഓഹരിയും വാങ്ങാനുള്ള പണം തന്റെ കയ്യിലുണ്ടെന്നും കമ്പനിയെ പൊതുസ്ഥാപനത്തിൽ നിന്നും മാറ്റി സ്വകാര്യ കമ്പനിയാക്കാൻ പോവുകയാണെന്നും ഓഗസ്റ്റ് ഏഴിന് മസ്ക് ട്വീറ്റ് ചെയ്തു. കമ്പനിയുടെ ഓഹരിവില 420 ഡോളർ ആണെന്നും എലോൺ മസ്ക് ട്വീറ്റിൽ പറഞ്ഞിരുന്നു. നിലവിലെ ഓഹരിവില 277 ഡോളറാണ്. മസ്കിന്റെ ട്വീറ്റ് കമ്പനിയുടെ ഓഹരിയുടമകൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കി. അമേരിക്കയിലെ സെക്യൂരിറ്റി എക്‌സചേഞ്ച് കമ്മീഷന്‍ മസ്‌കിനെതിരെ കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്ത വെള്ളിയാഴ്ച ടെസ്‌ലയുടെ ഓഹരിയിൽ 14 ശതമാനത്തിന്റെ കുറവാണുണ്ടായത്. നേരത്തെ ഒത്തുതീർപ്പിന് തയ്യാറല്ലെന്ന ഉറച്ച നിലപാടെടുത്ത മസ്‌ക് കമ്പനിയുടെ ഓഹരി ഇടിഞ്ഞതോടെ നിലപാട് മയപ്പെടുത്തി. കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ഇതനുസരിച്ച് എലോൺ മസ്‌ക് സ്വന്തം നിലക്ക് രണ്ട് കോടി ഡോളറും ടെസ്‌ല രണ്ടു കോടി ഡോളറും നഷ്ടപരിഹാരമായി നൽകണം. മാത്രവുമല്ല, ഒത്തുതീർപ്പ് പ്രകാരം എലോൺ മാസ്കിന് മൂന്ന് വർഷം ടെസ്‌ലയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിയേണ്ടിയും വരും.

എന്നാൽ, സ്വന്തമായി ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനം തന്നെയാണ് എലോൺ മസ്കിന്റെ ജീവിതം. സ്വപ്‌നങ്ങൾ കാണുകയും അത് യാഥാർഥ്യമാക്കാൻ കഠിനപ്രയത്നം നടത്തുകയും ചെയ്യുന്ന മസ്കിന്റെ ശ്രമഫലമായി മൂന്ന് കമ്പനികളാണ് നിലവിൽ വന്നത്. പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ സൗരോർജ്ജം ലഭ്യമാക്കിയ സോളാർ സിറ്റി, ഇലക്ട്രിക്ക് കാർ നിർമ്മിക്കുന്ന ടെസ്‌ല, ചന്ദ്രനിലേക്ക് മനുഷ്യരെ കൊണ്ടുപോവുക എന്ന ലക്ഷ്യവുമായി തുടങ്ങിയ സ്പേസ് എക്സ് എന്നീ കമ്പനികളെല്ലാം എലോൺ മസ്കിന്റെ സാമർഥ്യത്തിന്റെയും സമർപ്പണത്തിന്റെയും തെളിവുകളാണ്.

പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ സൗരോർജ്ജം ലഭ്യമാക്കിയ സോളാർ സിറ്റി, ഇലക്ട്രിക്ക് കാർ നിർമ്മിക്കുന്ന ടെസ്‌ല, ചന്ദ്രനിലേക്ക് മനുഷ്യരെ കൊണ്ടുപോവുക എന്ന ലക്ഷ്യവുമായി തുടങ്ങിയ സ്പേസ് എക്സ് എന്നീ കമ്പനികളെല്ലാം എലോൺ മസ്കിന്റെ സാമർഥ്യത്തിന്റെയും സമർപ്പണത്തിന്റെയും തെളിവുകളാണ്

1971 ൽ ദക്ഷിണാഫ്രിക്കയിലാണ് എലോൺ മസ്‌ക് ജനിക്കുന്നത്. സന്തോഷകരമായ ഒരു കുട്ടിക്കാലമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. വളരെ ചെറുപ്പത്തിലേ കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിച്ച മസ്‌ക് പന്ത്രണ്ടാം വയസ്സിൽ സ്വന്തമായി ബ്ലാസ്റ്റർ എന്ന പേരിൽ ഒരു ഗെയിം ഉണ്ടാക്കി. 500 ഡോളറിന് അത് വിൽക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ സൈന്യത്തിൽ നിർബന്ധിത സേവനം അനുഷ്ടിക്കുന്നത് ഒഴിവാക്കാൻ പതിനേഴാം വയസ്സിൽ എലോൺ മസ്‌ക് നാടുവിട്ടു. തന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കൻ പറ്റിയ ഇടം എന്ന വിശ്വാസത്തോടെ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. രണ്ടു ബിരുദം കരസ്ഥമാക്കിയതിന് ശേഷം ഊർജ്ജ ഭൗതികശാസ്ത്രത്തിൽ ഗവേഷണം നടത്താനായി എലോൺ മസ്‌ക് സ്റ്റാൻഡ്‌ഫോർഡ് സർവ്വകലാശാലയിൽ ചേർന്നു. എന്നാൽ, വെറും രണ്ടു ദിവസങ്ങൾക്ക് ശേഷം അദ്ദേഹം അവിടെ നിന്നും തിരിച്ചുപോന്നു.

1995 ൽ എലോൺ മസ്‌ക് സഹോദരനൊപ്പം ചേർന്ന് സിപ് 2 എന്ന സോഫ്റ്റ്‌വെയർ കമ്പനി സ്ഥാപിച്ചു. അച്ഛൻ നൽകിയത് 28000 ഡോളർ ഉപയോഗിച്ച് കൊണ്ടാണ് കമ്പനി തുടങ്ങിയത്. ഇന്റർനെറ്റ് പ്രചാരത്തിൽ വന്നുതുടങ്ങിയ സമയമായിരുന്നു അത്. ഇന്റർനെറ്റിനെ എങ്ങനെ തങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം എന്ന് വാർത്താമാധ്യമങ്ങൾ ചിന്തിച്ചു തുടങ്ങിയ സമയം. ന്യൂസ്‌പേപ്പർ അച്ചടിക്കുന്നവർക്ക് വേണ്ടി സി.ഡി ഗൈഡുകൾ കമ്പനി പുറത്തിറക്കി. തുടർന്ന്, ന്യൂയോർക്ക് ടൈംസ്, ഷിക്കാഗോ ടൈംസ് തുടങ്ങിയ പ്രധാന പത്രങ്ങൾ മസ്കിന്റെ കമ്പനിയുമായി കരാർ ഒപ്പിട്ടു. എന്നാൽ, കമ്പനിയുടെ സി.ഇ.ഒ ആകാനുള്ള എലോൺ മസ്കിന്റെ നീക്കം സഹോദരൻ എതിർത്തു. തുടർന്ന് 1999 ൽ 307 മില്യൺ ഡോളറിന് കമ്പനി കോംപാക് എന്ന മറ്റൊരു കമ്പനിക്ക് വിറ്റു. 34 മില്യൺ ഡോളറിന്റെ ഓഹരിയും കമ്പനിക്ക് ഉണ്ടായിരുന്നു. വിൽപ്പനയെ തുടർന്ന് എലോൺ മസ്കിന് 22 മില്യൺ ഡോളർ ലഭിച്ചു. ഇതിൽ നിന്നും 10 മില്യൺ ഡോളർ ഉപയോഗിച്ച് എക്സ് ഡോട്ട് കോം എന്ന ബാങ്കിങ് കമ്പനി മറ്റൊരാളോപ്പം ചേർന്ന് സ്ഥാപിച്ചു. തുടർന്ന് എക്സ് ഡോട്ട് കോം കോൺഫിനിറ്റി എന്ന കമ്പനിയും അവരുടെ ഓൺലൈൻ പണമിടപാട് സ്ഥാപനമായ പേപാലും സ്വന്തമാക്കി. പേപാൽ ആണ് കമ്പനിയുടെ പ്രധാന ഘടകം എന്ന് മനസ്സിലാക്കിയ എലോൺ മസ്‌ക് പിന്നീട് അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2001 ൽ എക്സ് ഡോട്ട് കോമിനെ പേപാൽ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. കുറഞ്ഞ മാസങ്ങൾക്കുള്ളിൽ തന്നെ ഒരു മില്യണിൽ കൂടുതൽ ഉപഭോക്താക്കളെ സമ്പാദിക്കാൻ കമ്പനിക്കായി.

എന്നാൽ, കമ്പനിയുടെ ബോർഡ് അംഗങ്ങൾക്കിടയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസം വീണ്ടും പ്രശ്‌നമായി. കമ്പനിയുടെ സി.ഇ.ഒ ആകാനുള്ള എലോൺ മസ്കിന്റെ ശ്രമം തന്നെയാണ് വീണ്ടും തർക്കത്തിലേക്ക് നയിച്ചത്. തുടർന്ന്. പേപാൽ ഇ-ബേ ഡോട്ട് കോം എന്ന കമ്പനിക്ക് വിറ്റു. ഈ വില്പനയിലൂടെ എലോൺ മാസ്കിന് 165 മില്യൺ ഡോളർ ലഭിച്ചു. വില്പന നടക്കുന്ന സമയത്ത് 11 . 7 ശതമാനം ഓഹരിയാണ് മസ്കിന് പേപാലിൽ ഉണ്ടായിരുന്നത്. പേപാലിന്റെ വില്പന നടപടികൾ പൂർത്തിയാവുന്നതിന് മുമ്പേ എലോൺ മസ്‌ക് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് തുടങ്ങിയിരുന്നു. ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുക എന്നതായിരുന്നു മസ്കിന്റെ അടുത്ത വലിയ സ്വപ്നം. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ഉപയോഗിച്ച് വിലകുറഞ്ഞ റോക്കറ്റുകൾ ഉണ്ടാക്കുക എന്നതായി അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. ഈ സ്വപ്നമാണ് പിന്നീട് സ്പേസ് എക്സ് എന്ന കമ്പനിയായി രൂപാന്തരപ്പെട്ടത്. 2002 ലാണ് കമ്പനി സ്ഥാപിച്ചത്. കമ്പനിക്ക് വേണ്ടി സ്വന്തം പോക്കറ്റിൽ നിന്ന് 100 മില്യൺ ഡോളറോളമാണ് എലോൺ മസ്‌ക് ചിലവഴിച്ചത്. 2006 ൽ നാസയുടെ ഉപഗ്രഹ വിക്ഷേപണ വാഹനമായ ഫാൽക്കൺ 9 നിർമ്മിക്കാനുള്ള കരാർ സ്പേസ് എക്‌സിന് ലഭിച്ചു. തുടർന്ന്, 2008 ൽ 1.6 ബില്യൺ ഡോളറിന്റെ കരാറും സ്പേസ് എക്സുമായി നാസ ഒപ്പിട്ടു.

പക്ഷെ, സ്പേസ് എക്സിന്റെ വിജയം പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിൽ നിന്നും എലോൺ മസ്‌കിനെ തടഞ്ഞില്ല. ഒരു പൊതുമേഖലാ കമ്പനി കൂടു അദ്ദേഹം തുടങ്ങിവെച്ചു. ഇലക്ട്രിക്ക് കാറുകൾ നിർമ്മിക്കുന്ന ടെസ്‌ലയാണ് ഈ കമ്പനി. കമ്പനിയുടെ പ്രധാന നിക്ഷേപകൻ മസ്‌ക് തന്നെയായിരുന്നു. 7 . 5 മില്യൺ ഡോളറാണ് അദ്ദേഹം കമ്പനിക്കായി നീക്കിവെച്ചത്. 2008 ൽ എലോൺ മസ്‌ക് ടെസ്‌ലയുടെ സി.ഇ.ഒ ആയി നിയമിതനായി. കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് കാറായ ടെസ്‌ല റോഡ്സ്റ്റർ 31 രാജ്യങ്ങളിലായി 2500 യൂണിറ്റുകൾ വിറ്റഴിച്ചു.

പിന്നീടാണ് എലോൺ മസ്‌ക് സൗരോർജ്ജത്തിലേക്ക് കടക്കുന്നത്. കസിൻമാരായ ലിണ്ടൻ, പീറ്റർ എന്നിവരുമായി ചേർന്ന് സോളാർ സിറ്റി എന്ന സൗരോർജ്ജോത്പാദന കമ്പനി അദ്ദേഹം സ്ഥാപിച്ചു. സോളാർ പാനലുകൾ ഡിസൈൻ ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന കമ്പനി ടെസ്‌ല മോട്ടോഴ്‌സുമായി ചേർന്ന് ഇലക്ട്രിക്ക് കാർ ചാർജിങ് സ്റ്റേഷനുകളും നടത്തുന്നുണ്ട്. 15000 ൽ അധികം തൊഴിലാളികൾ സോളാർ സിറ്റിയിൽ ജോലി ചെയ്യുന്നുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ സോളാർ സിറ്റി ഫാക്ടറിയുടെ മൂന്നിരട്ടി വലിപ്പം വരുന്ന മറ്റൊരു സോളാർ സിറ്റി ഫാക്ടറി ന്യൂയോർക്കിൽ സ്ഥാപിക്കുമെന്ന് എലോൺ മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ചുരുങ്ങിയ സമയത്തിനുള്ളിൽ ആളുകളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്ന ഹൈപോതെറ്റിക്‌ മെഷീൻ ആണ് എലോൺ മസ്കിന്റെ മറ്റൊരു സ്വപ്ന പദ്ധതി. 35 മിനുട്ടുകൾ കൊണ്ട് യാത്രക്കാരായ ലോസാഞ്ചൽസിൽ നിന്നും ന്യൂജേഴ്സിയിലേക്ക് എത്തിക്കുന്ന ഈ വാഹനത്തിന് ഹൈപർലൂപ്പ് എന്നാണ് മസ്‌ക് പേരിട്ടിരിക്കുന്നത്. ഇതിന്റെ നിർമ്മാണത്തിന് 6 മില്യൺ ഡോളർ ചിലവ് വരും എന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.

ഇതൊക്കെയാണ് എലോൺ മസ്‌ക് എന്ന സംരംഭകനും വ്യവസായിയുമെങ്കിലും ഈ വിജയത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല എന്നതാണ് വസ്തുത. പലതവണ പരാജയങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എലോൺ മസ്കിന്. മൂന്ന് കമ്പനികളും തകരുന്ന സാഹചര്യം അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ടെസ്‌ല കമ്പനി അടച്ചിടേണ്ടി വന്നു. സോളാർ സിറ്റി തകരാൻ തുടങ്ങിയതോടെ പണം നൽകിയിരുന്ന ബാങ്ക് പിന്മാറി. എന്നാൽ തോറ്റുകൊടുക്കാൻ എലോൺ മസ്‌ക് തയ്യാറായിരുന്നില്ല. കമ്പനികൾ തകരാതെ പിടിച്ചു നിർത്താനും തന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനും സ്വന്തം പോക്കറ്റിൽ നിന്നും പണം ചിലവഴിക്കാൻ അദ്ദേഹം തീരുമാനിച്ചു. 40 മില്യൺ ഡോളറാണ് ഇതിനായി മസ്‌ക് സ്വന്തം പോക്കറ്റിൽ നിന്നും ചിലവഴിച്ചത്. അങ്ങനെ, ആറു വർഷം നീണ്ട തുടർച്ചയായ പരിശ്രമങ്ങൾക്കും കഠിനപ്രയത്നങ്ങൾക്കും ശേഷം എലോൺ മസ്‌ക് തന്റെ ഉദ്യമത്തിൽ വിജയിച്ചു. രണ്ട് ബഹിരാകാശ വാഹനങ്ങളും ഉയർന്നു പൊങ്ങുന്നതിന് മുമ്പേ നിലത്തുപതിച്ച് തകർന്നു പോയിട്ടും തോൽക്കാൻ തയ്യാറാവാത്ത എലോൺ മസ്കിന് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഏതൊരാൾക്കും പ്രചോദനമായ എലോൺ മസ്കിന് ഇപ്പോൾ ഒരു ട്വീറ്റിന്റെ പേരിലാണ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്തുനിന്നും ഒഴിയേണ്ടി വരുന്നത്. എന്തൊക്കെയായാലും എലോൺ മസ്‌ക് തോൽക്കാൻ തയ്യാറാവുകയില്ല എന്നത് തന്നെയാണ് വസ്തുത. അയാൾ തിരിച്ചുവരിക തന്നെ ചെയ്യും, പൂർവ്വാധികം ശക്തിയോടെ.

Similar Posts