ഇറാഖിലെ കുര്‍ദിസ്താന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; ക്രമക്കേട് നടന്നതായി ആരോപണം
|കുര്‍ദുകള്‍ ഭൂരിപക്ഷമായ ഇറാഖിന്‍റെ വടക്കന്‍ പ്രദേശമാണ് കുര്‍ദിസ്താന്‍. കുര്‍ദുകളുടെ സ്വാതന്ത്ര്യ പോരാട്ടത്തെ തുടര്‍ന്ന് 1970ലാണ് ഇവിടെ സ്വയംഭരണം അനുവദിച്ചത്.
ഇറാഖിലെ സ്വയം ഭരണ പ്രദേശമായ കുര്‍ദിസ്താനിലെ പ്രാദേശിക പാര്‍ലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. 111 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ്. ക്രമക്കേട് നടന്നതിനാല്‍ ഫലം അംഗീകിക്കില്ലെന്ന് പ്രമുഖ കുര്‍ദ് പാര്‍ട്ടിയായ പി.യു.കെ അറിയിച്ചു
കുര്‍ദുകള്‍ ഭൂരിപക്ഷമായ ഇറാഖിന്‍റെ വടക്കന്‍ പ്രദേശമാണ് കുര്‍ദിസ്താന്‍. കുര്‍ദുകളുടെ സ്വാതന്ത്ര്യ പോരാട്ടത്തെ തുടര്‍ന്ന് 1970ലാണ് ഇവിടെ സ്വയം ഭരണം അനുവദിച്ചത്. ഇപ്പോഴും സ്വാതന്ത്ര്യ പ്രസ്ഥാനം സജീവമാണ്. എങ്കിലും ഐ.എസിനെതിരെയുള്ള പോരാട്ടത്തില്‍ കുര്‍ദ് സൈന്യമായ ‘പെഷ്മെര്‍ഗ’ ഇറാഖിനെ സഹായിച്ചിരുന്നു.
പോയ വര്‍ഷം ‘സ്വാതന്ത്ര്യം നേടണമോയെന്ന്’ തീരുമാനിക്കാന്‍ കുര്‍ദിസ്താനില്‍ നടന്ന ഹിതപരിശോധനയില്‍ 90 ശതമാനത്തിലധികം ആളുകള്‍ സ്വാതന്ത്ര്യം വേണമെന്ന നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഹിതപരിശോധനാ ഫലം ഇറാഖ് തള്ളിക്കളയുകയായരുന്നു. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ്, ഹിതപരിശോധനയെ തുടര്‍ന്നാണ് ഇക്കൊല്ലത്തേക്ക് മാറ്റിയത്.
എന്നാല്‍, നാല്‍പത് ശതമാനം പേരെങ്കിലും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകളുണ്ടായതായും ആരോപണമുണ്ട്. ഭരണകക്ഷിയായ കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(കെ.ഡി.പി)യും പാട്രിയോറ്റിക് യൂനിയന്‍ ഓഫ് കുര്‍ദിസ്താനും(പി.യു.കെ) തമ്മിലാണ് പ്രധാന മല്‍സരം.
പി.യു.കെക്കിടയില്‍ പിളര്‍പ്പും വിഭാഗീയതമുണ്ടായതിനാല്‍ കെ.ഡി.പി അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്രമക്കേട് നടന്നതിനാല്‍ ഫലം അംഗീകരിക്കില്ലെന്ന് പി.യു.കെയുടെ നേതാക്കള്‍ അറിയിച്ചു. 2015ല്‍ കാലാവധി അവസാനിച്ചിട്ടും പ്രസിഡന്‍റ് മസൂദ് ബര്‍സാനി പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച തര്‍ക്കമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രതിസന്ധിയിലേക്ക് നീങ്ങിയത്.