International Old
സിറിയന്‍ പ്രശ്നത്തിന് പരിഹാരം തേടി പ്രത്യേക ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ഉര്‍ദുഗാന്‍
International Old

സിറിയന്‍ പ്രശ്നത്തിന് പരിഹാരം തേടി പ്രത്യേക ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ഉര്‍ദുഗാന്‍

Web Desk
|
3 Oct 2018 3:02 AM GMT

റഷ്യ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് പറഞ്ഞു.

സിറിയന്‍ പ്രശ്നത്തിന് പരിഹാരം തേടി തുര്‍ക്കിയില്‍ പ്രത്യേക ഉച്ചകോടി സംഘടിപ്പിക്കുമെന്ന് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. റഷ്യ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് പറഞ്ഞു.

അങ്കാറയില്‍ എകെ പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള പ്രഭാഷണത്തിലാണ് തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്‍ പുതിയ ഉച്ചകോടി പരസ്യപ്പെടുത്തിയത്. തുര്‍ക്കിയും റഷ്യയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ സിറിയയിലെ ഇദ്‍ലിബില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കിയിരുന്നു. സിറിയയിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം തേടിയുള്ള ഉച്ചകോടി ഈ മാസം ആദ്യമോ അല്ലെങ്കില്‍ നവംബര്‍ ആദ്യ വാരത്തിലോ നടക്കുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

ഇദ്‍ലിബ് ആസ്ഥാനമാക്കിയ അല്‍ നുസ്റ അടക്കമുള്ള വിമത സംഘടനകള്‍ പ്രദേശം വിടണമെന്ന വ്യവസ്ഥയിലായിരുന്നു ഇദ്‍ലിബിനെ ബഫര്‍സോണായി പ്രഖ്യാപിച്ചിരുന്നത്. ഈ മേഖലയില്‍ റഷ്യയും തുര്‍ക്കിയും നിരീക്ഷണ പട്രോളിങ് നടത്തുമെന്നും ധാരണയുണ്ടായിരുന്നു.

സിറിയയിലെ മന്‍ബിജ് പ്രവിശ്യയില്‍ സംയുക്ത പട്രോളിങ് നടത്താന്‍ അമേരിക്കയും തുര്‍ക്കിയും കഴിഞ്ഞ ദിവസം പരിശീലനം ആരംഭിക്കുകയുണ്ടായി. ഇതിനിടെയാണ് നാല് രാഷ്ട്രങ്ങളുടെ പുതിയ ഉച്ചകോടി നടക്കുന്നത്.

Similar Posts