അമേരിക്കയുടെ പിന്തുണയില്ലങ്കിൽ സൗദിക്ക് രണ്ടാഴ്ച്ച പോലും പിടിച്ചു നിൽക്കാനാവില്ലെന്ന് ട്രംപ്
|നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ എണ്ണവില വര്‍ധന ദോഷം ചെയ്തേക്കുമെന്ന ആശങ്ക നിലനില്‍ക്കെ, സൗദിയും ഇതര ഒപ്പെക് രാജ്യങ്ങളും എണ്ണ ഉദ്പാദനം വര്‍ധിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു
അമേരിക്കയുടെ സൈനിക പിന്തുണ ഇല്ലെങ്കില്‍ സൗദി ഭരണകൂടത്തിന് രണ്ടാഴ്ചപോലും പിടിച്ചുനില്‍ക്കാനാവില്ലെന്ന് ട്രംപ്. മിസിസിപ്പിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ട്രംപിന്റെ പ്രസ്താവന.
സല്മാന് രാജാവിനെ ഞാന്‍ സ്നേഹിക്കുന്നു, അങ്ങയെ സംരക്ഷിക്കുന്നത് ഞങ്ങളാണ്. ഞങ്ങളില്ലെങ്കില്‍ അങ്ങ് അധികാരത്തില്‍ തുടരില്ല. നിങ്ങളുടെ സൈന്യത്തിന് വേണ്ട പണം നിങ്ങള്‍ തന്നെ മുടക്കണം എന്നിങ്ങനെ പോകുന്നു ട്രംപിന്റെ വാക്കുകള്‍. മിസിസിപ്പിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍. എന്നാല്‍ ട്രംപിന്റെ പരാമര്‍ശത്തോട് സൗദി സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗദിയും ഇതര ഒപ്പെക് രാജ്യങ്ങളും എണ്ണ ഉദ്പാദനം വര്‍ധിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. നവംബറില്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ എണ്ണവില വര്‍ധന ദോഷം ചെയ്തേക്കുമെന്ന് ട്രംപിന് ആശങ്കയുണ്ട്.
സൗദി പ്രതിദിനം ഉത്പാദിപ്പിക്കുന്നത് ഒരു കോടി വീപ്പ ക്രൂഡാണ്. ഇറാന്റെ എണ്ണക്കയറ്റുമതി തടസപ്പെടുത്തി ഉപരോധം ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയും എണ്ണവില വര്‍ധനക്ക് കാരണമാവുകയുണ്ടായി.