സാമ്പത്തിക മേഖല തകര്‍ന്നതിനെതിരെ യെമനില്‍ പ്രതിഷേധം
|യുദ്ധം തകര്‍ത്ത യമനില്‍ പട്ടിണിയെങ്കിലും മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം
സാമ്പത്തിക മേഖല തകര്‍ന്നതിനെതിരെ യമനില്‍ പ്രതിഷേധം. നിരവധി ആളുകളാണ് യെമനിലെ രണ്ടാമത്തെ വലിയ നഗരമായ തായിസില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. യുദ്ധം തകര്‍ത്ത യമനില്‍ പട്ടിണിയെങ്കിലും മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
നിരവധി ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഭരണകൂടത്തിനെതിരായും സൌദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനക്കെതിരായുമുള്ള പ്ലക്കാര്‍ഡുകളുമായാണ് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. രാജ്യത്തെ എണ്ണയും അസംസ്കൃത വസ്തുക്കളും മോഷ്ടിക്കുകയാണെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആക്ഷേപം. രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറക്കുക എന്ന ആവശ്യവും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു, രാജ്യത്ത് തെഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാണെന്നും അത്യാവശ്യമായി ഭക്ഷണ വിതരണം ചെയ്യണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
2015ല്‍ യുദ്ധം തുടങ്ങിയത് മുതല്‍ ജോലിക്കാര്‍ക്കാര്‍ക്കും കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. രാജ്യത്തെ കറന്‍സിയായ റിയാല്‍ ഡോളറിനെതിരെ പകുതിയിലധികം മൂല്യമിടിഞ്ഞിരുന്നു. യെമനിലെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെന്ന് യെമനിലെ യു.എന്‍ പ്രതിനിധി മാര്ട്ടിന് ഗ്രിഫിത്ത് പറഞ്ഞു. യെമന്‍ ലോകത്തെ ദരിദ്ര അറബ് രാജ്യങ്ങളിലൊന്നാണ്. 22 മില്യണ്‍ ആളുകള്‍ യെമനില്‍ അടിയന്തര സഹായങ്ങള്‍ ആവശ്യമുള്ളവരാണ്. 8.4 മില്ല്യണ്‍ ജനങ്ങള്‍ 2015ല്‍ തുടങ്ങിയ യുദ്ധത്തെത്തുടര്‍ന്ന് പട്ടിണിയിലുമാണ്.