International Old
സിറിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഉര്‍ദുഗാന്‍
International Old

സിറിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഉര്‍ദുഗാന്‍

Web Desk
|
6 Oct 2018 2:24 AM GMT

2016 ആഗസ്റ്റിലാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയിലേക്ക് തുര്‍ക്കി സൈന്യത്തെ അയച്ചത്.

സിറിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യബ് ഉര്‍ദുഗാന്‍. ഇസ്താംബൂളില്‍ ഒരുപരിപാടിയില്‍ പങ്കെടുക്കവെയാണ് ഉര്‍ദുഗാന്‍ ഇക്കാര്യം അറിയിച്ചത്. 2016 ആഗസ്റ്റിലാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയിലേക്ക് തുര്‍ക്കി സൈന്യത്തെ അയച്ചത്. ഐ.എസ് ഭീകരരില്‍ നിന്നും സിറിയന്‍ അതിര്‍ത്തികള്‍ മോചിപ്പിക്കുന്നതിനായായിരുന്നു സൈനിക നീക്കം.

ഇതിന് പിന്നാലെ രാജ്യത്തിന്റെ സുപ്രധാന ഭാഗങ്ങളില്‍ നിന്നും ഭീകരരെ തുരത്തുകയും ചെയ്തു. നിലവില്‍ രാജ്യത്തെ വിമതരെയാണ് തുര്‍ക്കി പിന്തുണക്കുന്നത്. സര്‍ക്കാരിനെ പിന്തുണക്കുന്ന റഷ്യന്‍ സൈന്യവും രാജ്യത്തുണ്ട്. സിറിയയില്‍ നിന്നും ഇപ്പോള്‍ പിന്‍വാങുന്നില്ലെന്നും പൊതു തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും സൈന്യത്തെ പിന്‍വലിക്കുകയെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

നേരത്തെ വടക്കന്‍ സിറിയയില്‍ സൈനിക വിമുക്ത മേഖല സ്ഥാപിക്കുന്നതിന് റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമര്‍ പുടിനുമായി എര്‍ദോഗാന്‍ കരാറിലേര്‍പ്പെട്ടിരുന്നു. 15 മുതല്‍ 20 കിലോമീറ്റര്‍ ദൂരമാണ് ഇത്തരത്തില്‍ സൈനിക വിമുക്ത മേഖല സ്ഥാപിക്കുക.

സിറിയ വിഷയത്തില്‍ തുര്‍ക്കി, ജര്‍മനി, റഷ്യ, ഫ്രാന്‍സ് എന്നിവര്‍ തമ്മില്‍ ചതുര്‍രാഷ്ട്ര ചര്‍ച്ചയും നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2011 ല്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതിന് ശേഷം ഇത് വരെ 56 ലക്ഷം ജനങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുള്ളത്. 66 ലക്ഷത്തോളം പേര്‍ ആഭ്യന്തര പലായനം നടത്തിയെന്നും ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്.

Similar Posts