International Old
ഇന്റര്‍പോള്‍ മേധാവി കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ച് ചൈന
International Old

ഇന്റര്‍പോള്‍ മേധാവി കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ച് ചൈന

Web Desk
|
8 Oct 2018 2:32 AM GMT

കാണാതായ ഇന്റര്‍പോള്‍ മേധാവി മെംഗ് ഹോംഗ്വോയിയെ അഴിമതി വിരുദ്ധവിഭാഗം ചോദ്യം ചെയ്യുകയാണെന്ന് അറിയിച്ചെങ്കിലും എന്തു കുറ്റത്തെ തുടര്‍ന്നാണിതെന്ന് ചൈന വ്യക്തമാക്കിയില്ല.

ഇന്റര്‍പോള്‍ മേധാവി മെംഗ് ഹോംഗ്വോയി തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ച് ചൈന. മെംഗിനെ അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്യുകയാണെന്ന് ചൈന നാഷണല്‍ സൂപ്പര്‍ വിഷന്‍ കമ്മീഷന്‍ അറിയിച്ചു.

കാണാതായ ഇന്റര്‍പോള്‍ മേധാവി മെംഗ് ഹോംഗ്വോയിയെ അഴിമതി വിരുദ്ധവിഭാഗം ചോദ്യം ചെയ്യുകയാണെന്ന് അറിയിച്ചെങ്കിലും എന്തു കുറ്റത്തെ തുടര്‍ന്നാണിതെന്ന് ചൈന വ്യക്തമാക്കിയില്ല. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണെന്ന് മാത്രമാണ് ചൈനയുടെ വിശദീകരണം. ചൈനീസ് സ്വദേശിയായ മെംഗിനെ കഴിഞ്ഞ മാസം അവസാനം ഫ്രാന്‍സില്‍ നിന്ന് ചൈനയിലേക്ക് പോയ ശേഷമാണ് കാണാതായത്. മെംഗിന്റെ ഭാര്യ വ്യാഴാഴ്ച ഫ്രഞ്ച് പോലീസിനു പരാതി നല്‍കിയതോടെയാണ് സംഭവം വാര്‍ത്തയായത്.

ചൈനയിലെ പൊതുസുരക്ഷാ സഹമന്ത്രിയായിരുന്ന മെംഗ് 2016 നവംബറിലാണ് ഇന്റര്‍പോള്‍ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2020 വരെ കാലാവധിയുണ്ട്. ഇന്റര്‍പോളിന്റെ ആസ്ഥാനമായ ലിയോണിലായിരുന്നു മെംഗും ഭാര്യയും താമസിച്ചിരുന്നത്. മെംഗ് ചൈനയില്‍ എത്തിയപ്പോള്‍ ചോദ്യംചെയ്യലിനായി അച്ചടക്ക സമിതി കസ്റ്റഡിയിലെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ എന്തിന്റെ പേരിലാണ് അന്വേഷണം നടക്കുന്നതെന്ന് വ്യക്തമല്ല. മെംഗ് എവിടെയാണെന്നതിനെക്കുറിച്ചും വിവരമില്ല.

Similar Posts