ജര്‍മനിയില്‍ നിന്നും അഭയാര്‍ത്ഥികളുമായെത്തുന്ന വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് ഇറ്റലി
|അഭയാര്‍ത്ഥികളെ പങ്കുവെക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്താത്തതാണ് തര്‍ക്കത്തിന് കാരണം
ജര്‍മനിയില്‍ നിന്നും അഭയാര്‍ത്ഥികളുമായെത്തുന്ന വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കില്ലെന്ന് ഇറ്റലി. അഭയാര്‍ത്ഥികളെ പങ്കുവെക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്താത്തതാണ് തര്‍ക്കത്തിന് കാരണം. ഇതിനിടെ മെഡിറ്ററേനിയന്‍ കടലിലൂടെ എത്തുന്ന അഭയാര്‍ത്ഥികളെ രക്ഷിക്കുന്ന അക്വാറിയസ് കപ്പലിനുള്ള രജിസ്ട്രേഷന് റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നു.
അഭയാര്‍ത്ഥികളെ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ജര്‍മനിയും ഇറ്റലിയും തമ്മില്‍ ദീര്‍ഘനാളായി ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒരു കരാറില്‍ ഒപ്പിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ അഭയാര്‍ത്ഥികളുമായെത്തുന്ന ജര്‍മനിയില്‍ നിന്നുള്ള വിമാനങ്ങളെ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി മാറ്റിയോ സാല്‍വിനി പ്രഖ്യാപിച്ചു. എന്നാല്‍ തല്കാലം ഇറ്റലിയിലേക്ക് അഭയാര്‍ത്ഥികളെ അയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജര്‍മന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു. ജര്‍മനിയില്‍ ആഞ്ചെല മെര്‍ക്കലിനെതിരെ പ്രതിപക്ഷം അഭയാര്‍ത്ഥി പ്രശ്നം രാഷ്ട്രീയ ആയുധമാക്കിയ സാഹചര്യത്തിലാണ് ഇറ്റലിയിലേക്ക് അഭയാര്‍ത്ഥികളെ മടക്കി അയക്കാന്‍ ജര്‍മനി ശ്രമിക്കുന്നത്.
ഇറ്റാലിയന്‍ നഗരമായ റിയേസിലെ മേയര്‍ അനധികൃത കുടിയേറ്റം പ്രോല്‍സാഹിപ്പിക്കുന്ന കേസില്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. അഭയാര്‍ത്ഥികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതിനാണ് മേയര്‍ ഡോമിനിക്കോ ലൂക്കാനോയെ ആഭ്യന്തര മന്ത്രാലയം വീട്ടുതടങ്കലിലാക്കിയത്. കുടിയേറ്റ വിരുദ്ധ നിലപാടുള്ള തീവ്രവലതുകക്ഷിയായ ലീഗിന്റെ നേതാവ് മാറ്റിയോ സാല്‍വിനിയാണ് ഇപ്പോള്‍ ഇറ്റലിയിലെ ആഭ്യന്തരമന്ത്രി. അതേസമയം അഭയാര്‍ഥി അനുകൂല നിലപാടെടുക്കുന്ന ഇറ്റലിയിലെ റിയേസ് മേയര്‍ ഡൊമേനിക്കോ ലുക്കാനോയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിയേസ് നഗരത്തില്‍ പ്രകടനം നടന്നു.
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികളെ രക്ഷിക്കുന്ന സന്നദ്ധ സംഘടനയാണ് എസ്ഒഎസ് മെഡിറ്ററേനി. എസ്ഒഎസ് മെഡിറ്ററേനിയുടെ അക്വാറിയസ് എന്ന കപ്പല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 30000 അഭയാര്‍ഥികളെയാണ് കടലില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഈ കപ്പിന്റെ പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെതിരെ പാരീസില്‍ പ്രകടനം നടന്നു.