ബെഞ്ചമിന്‍ നെതന്യാഹു വ്ലാദിമിര്‍ പുടിനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും
|റഷ്യയുടെ സൈനിക നിരീക്ഷണ വിമാനം ഇസ്രയേല്‍ തകര്‍ത്തു എന്ന ആരോപണത്തിനും സിറിയന്‍ വിഷയത്തിലുള്ള അസ്വാരസ്യങ്ങള്‍ക്കും ഇടയിലാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തും. ഇറാന്‍, സിറിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. റഷ്യയുടെ സൈനിക നിരീക്ഷണ വിമാനം ഇസ്രയേല്‍ തകര്‍ത്തു എന്ന ആരോപണത്തിനും സിറിയന്‍ വിഷയത്തിലുള്ള അസ്വാരസ്യങ്ങള്‍ക്കും ഇടയിലാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. പുടിനുമായി ചര്‍ച്ചക്ക് പ്രത്യേക തിയതി അറിയിക്കാതെയാണ് നെതന്യാഹു കൂടിക്കാഴ്ച നടത്തുന്ന വിവരം ക്യാബിനറ്റില്‍ അറിയിച്ചത്.
സിറിയക്ക് സമീപം സിറിയയുടെ മിസൈല്‍ റഷ്യയുടെ സൈനിക നിരീക്ഷണ വിമാനം കഴിഞ്ഞ മാസം തകര്‍ത്തിരുന്നു. അന്നത്തെ അപകടത്തില്‍15 സൈനികരാണ് കൊല്ലപ്പെട്ടത്. മിസൈലുകളേയും വിമാനങ്ങളേയും നേരിടാന്‍ സിറിയക്ക് റഷ്യ തന്നെ നല്‍കിയ ആന്റി- എയര്‍ ക്രാഫ്റ്റ് സംവിധാനം ഉപയോഗിച്ചാണ് അബദ്ധത്തില്‍ സൈനികരുടെ വിമാനം മിസൈലിട്ട് തകര്‍ത്തത്. വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ ആക്രമണം നടത്തുന്ന ഇസ്രയേലാണ് ഇതിന് പിന്നിലെന്ന് റഷ്യ ആരോപിച്ചിരുന്നു. സംഭവത്തില്‍ ഇസ്രായേല്‍ അംബാസിഡറെ റഷ്യയുടെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പും നല്‍കി.
റഷ്യയുടെ സഖ്യരാജ്യമായ സിറിയയുടെ വിമാനവേധ മിസൈലേറ്റാണ് വിമാനം വീണതെങ്കിലും ഇസ്രായേലിന്റെ നാലു പോർവിമാനങ്ങൾ നടത്തിയ ആക്രമണത്തിനിടയിൽപ്പെട്ടാണു റഷ്യയുടെ വിമാനത്തിന് അപകടമുണ്ടായത്. സിറിയൻ പ്രസിഡന്റ് ബഷാർ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയ്ക്ക് അവിടെ രണ്ടു സൈനിക താവളങ്ങളുണ്ട്. ഇതിൽ ഒരു താവളത്തിൽ നിന്നു റഷ്യയിലേക്കു മടങ്ങുമ്പോഴാണ് ആ മേഖലയിൽ ഇസ്രായേൽ പോർവിമാനങ്ങളുടെ ആക്രമണമുണ്ടായത്. തങ്ങളുടെ വിമാനം മറയാക്കിയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നും വിവരം കൈമാറിയത് ഒരു മിനിറ്റ് മുന്‍പ് മാത്രമായതിനാല്‍ ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ലെന്നും റഷ്യ ചൂണ്ടിക്കാട്ടി.
2015ൽ സിറിയൻ യുദ്ധത്തിലെ റഷ്യയുടെ ഇടപെടലിനുശേഷം പരസ്പരം ഏറ്റുമുട്ടലുണ്ടാകാതിരിക്കാൻ റഷ്യയും ഇസ്രയേലും തമ്മിൽ ഹോട്ട്‌ലൈൻ സംവിധാനം നിലവിലുണ്ട്. സിറിയൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണെങ്കിലും ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സിറിയയിലെ താവളങ്ങൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണങ്ങൾ നടത്താറുണ്ട്.