ട്രംപുമായി അഭിപ്രായ ഭിന്നത; ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധി സ്ഥാനം രാജിവെച്ച് നിക്കി ഹാലി
|ഇന്ത്യന്‍ വംശജ നിക്കി ഹാലി ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി സ്ഥാനം രാജിവെച്ചു. വലിയ പ്രഖ്യാപനം വരാനിരിക്കുന്നു എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ട്വിറ്ററിലൂടെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് നിക്കിയുടെ രാജി. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല.
മുന്‍ സൗത്ത് കരോളിന ഗവര്‍ണ്ണറായിരുന്ന നിക്കി ഹാലി കടുത്ത ട്രമ്പ് വിമര്‍ശകയായിരുന്നു. എന്നാല്‍, 2016 ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ ട്രമ്പ് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി സ്ഥാനത്തേക്ക് നിക്കിയുടെ പേര് നിര്‍ദേശിച്ചു. നിക്കിയുടെ പേര് നിര്‍ദേശിച്ചത് ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുക്കം ലക്ഷ്യമിട്ടാണ് എന്നായിരുന്നു വിലയിരുത്തല്‍.
സെനറ്റില്‍ രാഷ്ട്രീയഭേദമെന്യേ കനത്ത ഭൂരിപക്ഷമാണ് നിക്കിക്ക് ലഭിച്ചിരുന്നത്. 96 പേര്‍ നിക്കിക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ നാലുപേര്‍ മാത്രമാണ് എതിരായി വോട്ട് രേഖപ്പെടുത്തിയത്. യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി പദവിക്കുശേഷം സെനറ്റിന്റെ അനുമതി ആവശ്യമുള്ള രണ്ടാമത്തെ ഉയര്‍ന്ന പദവിയാണ് ഐക്യരാഷ്ട്രസഭ സ്ഥാനപതിയുടേത്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് നിക്കി ഹാലി.