International Old
ബള്‍ഗേറിയയില്‍ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍
International Old

ബള്‍ഗേറിയയില്‍ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍

Web Desk
|
11 Oct 2018 2:54 AM GMT

കഴിഞ്ഞ ശനിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തക ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

ബള്‍ഗേറിയയില്‍ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. ബള്‍ഗേറിയന്‍ പൗരനായ സെവിറിന്‍ ക്രെഷിമിറേവ് ആണ് ജര്‍മനിയില്‍ അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തക ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ജര്‍മനിയിലെ കുറ്റാന്വേഷണ വിഭാഗമാണ് ക്രെഷിമിറേവിനെ പിടികൂടിയത്.

കുറ്റവാളിയെന്ന് കരുതുന്ന ഇയാള്‍ക്ക് 20 വയസ്സ് മാത്രമാണ് പ്രായം. സ്റ്റേഡ് നഗരത്തിലെ ഫ്ലാറ്റില്‍ ഒളിവില്‍ കഴിയവെയാണ് ക്രെഷിമിറേവിനെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിടിയിലായ പ്രതിയെ ബള്‍ഗേറിയന്‍ അധികൃതര്‍ തിരിച്ചറിഞ്ഞു. പ്രതി താമസിക്കുന്നത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്താണ്. ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്ലപ്പെട്ട മറിനേവ സെപ്റ്റംബര്‍ 30നാണ് ടെലിവിഷനില്‍ അവസാനമായി ഷോ അവതരിപ്പിച്ചത്. യൂറോപ്യന്‍ യൂണിയന്‍ ഫണ്ട് സംബന്ധിച്ച അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കുമെന്ന് അവര്‍ ഷോയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊലപാതകത്തിന് മറിനോവയുടെ ജോലിയുമായി ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Similar Posts