ഡിന പവല്‍ യു.എസ് അംബാസിഡര്‍ സ്ഥാനത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്
|ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവായിരുന്നു ഡിന പവല്‍. എന്നാല്‍ ട്രംപിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൌസില്‍ നിന്നും പുറത്തുപോവുകയായിരുന്നു.
ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസിഡര്‍ സ്ഥാനത്തേക്ക് ഡിന പവല്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. നിക്കി ഹാലിയുടെ രാജിയോടെ ആ സ്ഥാനത്തേക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരിഗണിച്ചിരുന്ന പേരുകളില്‍ പ്രധാനി ഡിന പവലാണ്. എന്നാല്‍ അമേരിക്കന്‍ ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ച്സില്‍ തുടരാനാണ് ആഗ്രഹമെന്ന് ഡിന വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ചയാണ് ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലി രാജിവെച്ചത്. അടുത്ത മണിക്കൂറില്‍ തന്നെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് ഡിന പവലിനെയാണ് തല്‍സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന അഭിപ്രായം പങ്കുവെച്ചു. നിലവില്‍ യു.എസ് ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ച്സില്‍ എക്സിക്യൂട്ടീവ് പോസ്റ്റിലിരിക്കുന്ന ഡിന അസൌകര്യം പ്രസിഡന്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഗോള്‍ഡന്‍ സാച്ച്സില്‍ തന്നെ തുടരാണ് തനിക്ക് താത്പര്യമെന്ന് ഡിന ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. തന്നെ പരിഗണിച്ചതിലുള്ള നന്ദി അറിയിക്കുകയും ചെയ്തെന്ന് ഡിനയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവായിരുന്നു ഡിന പവല്‍. എന്നാല്‍ ട്രംപിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൌസില്‍ നിന്നും പുറത്തുപോവുകയായിരുന്നു.
എന്നാല്‍ പവല്‍ യുഎസ് അംബാസിഡറായി തിരിച്ചെത്തുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി ഉണ്ടെന്ന് വൈറ്റ്ഹൌസിലെ ചിലര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നാല്‍ എന്നായിരിക്കും പുതിയ അംബാസിഡറെ ട്രംപ് പ്രഖ്യാപിക്കുകയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.