ഫ്രാന്‍സിസ് മാർപ്പാപ്പയുടെ സന്ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ ആരംഭിച്ചതായി കൊറിയന്‍ ബിഷപ്പുമാര്‍
|സന്ദര്‍ശന വാര്‍ത്ത സ്ഥിരീകരിച്ച് മാര്‍പ്പാപ്പയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഉത്തരകൊറിയന്‍ ബിഷപ്പുമാര്‍ അറിയിച്ചു.
ഫ്രാന്‍സിസ് മാർപ്പാപ്പയുടെ കൊറിയന്‍ സന്ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ ആരംഭിച്ചതായി കൊറിയന്‍ ബിഷപ്പുമാര്‍. കൊറിയന്‍ ഉപദ്വീപില്‍ സമാധാനം കൊണ്ടുവരാന്‍ മാർപ്പാപ്പയുടെ സന്ദര്‍ശനത്തിലൂടെ സാധ്യമാകുമെന്നും ബിഷപ്പുമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഫ്രാന്‍സിസ് മാർപ്പാപ്പയെ ഉത്തരകൊറിയന്‍ ഏകാധിപതി കി ജോങ് ഉന്‍ കൊറിയയിലേക്ക് ക്ഷണിച്ചെങ്കിലും കൊറിയന്‍ ഉപദ്വീപില്‍ സമാധാനശ്രമവുമായി മാര്‍പ്പാപ്പ എത്തുമോ എന്ന ചോദ്യവും ഉയർന്നിരുന്നിരുന്നു. എന്നാല്‍ സന്ദര്‍ശന വാര്‍ത്ത സ്ഥിരീകരിച്ച് മാര്‍പ്പാപ്പയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഉത്തരകൊറിയന്‍ ബിഷപ്പുമാര്‍ അറിയിച്ചു. ഈ മാസം 18ന് വത്തിക്കാനില്‍ എത്തുന്ന ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
കൊറിയന്‍ സമാധാനശ്രമങ്ങള്‍ക്ക് മാർപ്പാപ്പയുടെ സന്ദര്‍ശനം ഊര്‍ജം പകരുന്നതായിരിക്കും. അത് പുതു ചരിത്രം കൂടിയായിരിക്കും. ലോകത്തിനു മുമ്പില്‍ ഉത്തരകൊറിയ ഒരു സാധാരണ രാജ്യമാണെന്ന സന്ദേശം മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിലൂടെ സാധ്യമാകുമെന്നും ബിഷപ്പ് വ്യക്തമാക്കി.
ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്, കൊറിയന്‍ വിഭജനത്തിനു മുമ്പ് ക്രൈസ്തവ സഭകളുടെ പ്രധാന കേന്ദ്രമായിരുന്നു. ഒട്ടേറെ പള്ളികളുണ്ടായിരുന്ന ഇവിടം 'കിഴക്കിന്റെ ജറുസലം' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മതചടങ്ങുകള്‍ക്ക് കര്‍ശന വിലക്കാണ് ഇപ്പോള്‍ ഉള്ളത്. കത്തോലിക്കാ സഭയ്ക്ക് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വത്തിക്കാനുമായുള്ള ബന്ധത്തിന് വിലക്ക് നിലവിലുണ്ട്. എന്തായാലും മാര്‍പ്പാപ്പ കൊറിയയില്‍ എത്തുന്നതോടെ നിലവിലെ ദുസ്ഥിതി മാറുമെന്നാണ് ക്രൈസ്തവ സമൂഹത്തിന്റെ പ്രതീക്ഷ.