International Old
തടവുകാലം കഴിഞ്ഞു, മലേഷ്യന്‍ പ്രധാനമന്ത്രിയാകാന്‍ അന്‍വര്‍ ഇബ്രാഹീം
International Old

തടവുകാലം കഴിഞ്ഞു, മലേഷ്യന്‍ പ്രധാനമന്ത്രിയാകാന്‍ അന്‍വര്‍ ഇബ്രാഹീം

Web Desk
|
14 Oct 2018 4:52 AM GMT

1999ല്‍ ജനസമ്മിതിയുടെ ഉച്ഛസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ അന്‍വര്‍ ഇബ്രാഹീമിനെ ഉപപ്രധാനമന്ത്രി പദത്തില്‍ നിന്നും പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പുറത്താക്കുകയായിരുന്നു.

മലേഷ്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചുവടുറപ്പിക്കാനൊരുങ്ങി അന്‍വര്‍ ഇബ്രാഹീം. ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച അന്‍വറിന് ജനപിന്തുണ തെളിയിക്കാനായാല്‍ പ്രധാനമന്ത്രി പദം അകലെയാകില്ലെന്നാണ് വിലയിരുത്തല്‍. മുന്‍ ഉപപ്രധാനമന്ത്രിയും പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി നേതാവുമായ അന്‍വര്‍ അഞ്ചു മാസം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്.

തീരദേശ നഗരമായ പോര്‍ട്ട് ഡിക്‌സണിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ അനായാസ വിജയം നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 1999ല്‍ ജനസമ്മിതിയുടെ ഉച്ഛസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ അന്‍വര്‍ ഇബ്രാഹീമിനെ ഉപപ്രധാനമന്ത്രി പദത്തില്‍ നിന്നും പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പുറത്താക്കുകയായിരുന്നു. അതിനു ശേഷം അന്‍വര്‍ മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.

അന്‍വറിനെ ജയിലിലടച്ചത് മഹാതീര്‍ മുഹമ്മദിന്റെ രാഷ്ട്രീയ പകപോക്കലാണെന്നും ലൈംഗിക പീഡനാരോപണം കെട്ടിച്ചമച്ചതാണെന്നും മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനു മുമ്പായി മഹാതീര്‍ മുഹമ്മദ് അന്‍വര്‍ ഇബ്രാഹീമിനെ സന്ദര്‍ശിക്കുകയും പ്രധാനമന്ത്രി നജീബ് റസാഖിനെതിരെ ഇരുവരും ഒന്നിച്ചുമത്സരിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ 93 കാരനായ മഹാതീര്‍ മുഹമ്മദ് അന്‍വര്‍ ഇബ്രാഹീമിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്‌തെങ്കിലും കാത്തിരിക്കാനായിരുന്നു അന്‍വര്‍ ഇബ്രാഹീമിന്റെ തീരുമാനം.

ഇന്നലെയവസാനിച്ച ഉപതെരഞ്ഞെടുപ്പില്‍ വന്‍വ്യത്യാസത്തില്‍ വിജയിക്കാനായാല്‍ പ്രധാനമന്ത്രി പദം സംബന്ധിച്ച മുന്‍ തീരുമാനത്തില്‍ നിന്ന് അന്‍വര്‍ ഇബ്രാഹീം മാറ്റം വരുത്തുമെന്നും പ്രധാനമന്ത്രി പദം സ്വീകരിച്ചേക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Related Tags :
Similar Posts