International Old
മൂന്ന് കോടിയോളം അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന് ഫേസ്ബുക്ക്
International Old

മൂന്ന് കോടിയോളം അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന് ഫേസ്ബുക്ക്

Web Desk
|
14 Oct 2018 2:49 AM GMT

ഇവരുടെ സെര്‍ച്ച് ഹിസ്റ്ററി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ഏതൊക്കെ പേജുകള്‍ ലൈക്ക് ചെയ്തു തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ മാസം സംഭവിച്ച ഫേസ്ബുക്ക് ഹാക്കിങ് മൂന്ന് കോടിയോളം അക്കൗണ്ടുകളെ നേരിട്ട് ബാധിച്ചതായി ഫേസ്ബുക്കിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

ഒരു കോടി നാല്‍പത് ലക്ഷം അക്കൗണ്ടുകളെയാണ് ഹാക്കിങ് കാര്യമായി ബാധിച്ചത്. ഇവരുടെ സെര്‍ച്ച് ഹിസ്റ്ററി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ഏതൊക്കെ പേജുകള്‍ ലൈക്ക് ചെയ്തു തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ഒന്നര കോടിയിലേറെ ഉപയോക്താക്കളുടെ ഫോണ്‍ നമ്പരുകള്‍, ഇ മെയില്‍ വിവരങ്ങള്‍ എന്നിവയും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സാധാരണ വിവരങ്ങള്‍ മാത്രമാണു ചോര്‍ന്നതെന്നും സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രഹസ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ഫേസ്ബുക്കിന്റെ അവകാശവാദം.

ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് കടക്കുന്ന ഓട്ടോമാറ്റഡ് പ്രോഗ്രാമിലൂടെയാണ് ഹാക്കിംഗ് നടത്തിയത്. ഫേസ്ബുക്ക് പ്രോഗ്രാമിങ്ങിലെ പരസ്പരബന്ധിതമായ സാങ്കേതിക തകരാറുകളാണ് അജ്ഞാതരായ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തത്. ഏതു രാജ്യത്തുള്ളവരെയാണ് കൂടുതല്‍ ബാധിച്ചതെന്ന വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് പുറത്തുവിട്ടിട്ടില്ല. എന്താണ് ഹാക്കര്‍മാരുടെ ഉദ്ദേശമെന്ന് വ്യക്തമല്ല. സംഭവത്തില്‍ എഫ്.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്.

ഹാക്കിങിനു വിധേയമായ മൂന്നു കോടിയോളം ഉപയോക്താക്കള്‍ക്കും എന്താണു സംഭവിച്ചതെന്നു കാട്ടി ഫെയ്‌സ്ബുക്ക് സന്ദേശം അയച്ചുകഴിഞ്ഞു. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവര്‍ക്കു വ്യാജ ഇമെയിലുകള്‍ അയച്ചു കൂടുതല്‍ തട്ടിപ്പിനു ശ്രമം നടത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംശയകരമായ ഇ മെയിലുകള്‍, സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍ എന്നിവയോടു ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഹാക്കിങിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഒമ്പത് കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ എഫ്ബി തന്നെ ലോഗ് ഔട്ട് ചെയ്തിരുന്നു.

Related Tags :
Similar Posts