ബാലലൈംഗിക പീഡനം: ചിലിയില്‍ രണ്ട് ബിഷപ്പുമാരെ മാര്‍പാപ്പ പുറത്താക്കി
|ചിലിയില്‍ കത്തോലിക്കാ പുരോഹിതര്‍ക്കുനേരെ ഉയര്‍ന്ന ബാലലൈംഗികപീഡന ആരോപണങ്ങള്‍ വലിയ വിവാദമായിരുന്നു. ചിലിയില്‍ 1960മുതലുള്ള ലൈംഗികപീഡനക്കേസുകളില്‍ 167 പുരോഹിതന്മാരാണ് അന്വേഷണം നേരിടുന്നത്.
ചിലിയില്‍ ബാലലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയരായ രണ്ട് ബിഷപ്പുമാരെ മാര്‍പാപ്പ പുറത്താക്കി. ലാ സെറെനാ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ്‌കോ ജോസ് കോക്‌സ് ഹുനിയസ്, ഇക്വിക്ക് ആര്‍ച്ച് ബിഷപ്പ് മാക്രോ അന്റോണിയോ ഓര്‍ഡെനെസ് ഫെര്‍ണാണ്ടസ് എന്നിവരെയാണ് മാര്‍പാപ്പ പുരോഹിതപദവിയില്‍നിന്ന് പുറത്താക്കിയത്.
ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ബിഷപ്പുമാരെ മാര്‍പ്പാപ്പ പുറത്താക്കിയത്. രണ്ട് ബിഷപ്പുമാര്‍ക്കും മാര്‍പാപ്പയുടെ നടപടിയില്‍ അപ്പീല്‍പോകാന്‍ കഴിയില്ല. ചിലിയില്‍ കത്തോലിക്കാ പുരോഹിതര്‍ക്കുനേരെ ഉയര്‍ന്ന ബാലലൈംഗികപീഡന ആരോപണങ്ങള്‍ വലിയ വിവാദമായിരുന്നു. ചിലിയില്‍ 1960മുതലുള്ള ലൈംഗികപീഡനക്കേസുകളില്‍ 167 പുരോഹിതന്മാരാണ് അന്വേഷണം നേരിടുന്നത്.
2006ല്‍ ബിഷപ്പായ മാക്രോ അന്റോണിയോ ഓര്‍ഡെനെസ് ഫെര്‍ണാണ്ടസ് 2012ല്‍ രാജിവെച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞായിരുന്നു രാജി. എന്നാല്‍, അള്‍ത്താര ബാലനെ ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്തായതിനെ തുടര്‍ന്നാണെന്ന് പിന്നീട് വ്യക്തമായി. 1970കളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിലാണ് ജോസ് കോക്‌സ് ഹുനിയസിനെതിരേ നടപടിയുണ്ടായത്. 2002ല്‍ വിരമിച്ച കോക്‌സ് ജര്‍മനിയിലാണുള്ളത്.