കാലാവസ്ഥാ വ്യതിയാനം: റിപ്പോര്‍ട്ട് തയ്യാറാക്കിയ ശാസ്ത്രജ്ഞര്‍ക്ക് രാഷ്ട്രീയ അജണ്ടയെന്ന് ട്രംപ്
|കാലാവസ്ഥാ വ്യതിയാനത്തിന് കാരണം മനുഷ്യന്‍ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നാണ് ട്രംപിന്റെ വാദം
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള യു.എന്‍ കാലാവസ്ഥാ വിദഗ്ധരുടെ റിപ്പോര്‍ട്ടിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പോര്‍ട്ട് തയ്യാറാക്കിയ ശാസ്ത്രജ്ഞര്‍ക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ട്രംപ് ആരോപിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണം മനുഷ്യന്‍ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നാണ് ട്രംപിന്റെ വാദം. പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനം ആണെന്ന റിപ്പോര്‍ട്ടിന് പിന്നില്‍ ശാസ്ത്രജ്ഞരുടെ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് ട്രംപ് ഉയര്‍ത്തിയ പുതിയ ആരോപണം. യു.എന്‍ കാലാവസ്ഥാ വിദഗ്ധരുടെ റിപ്പോര്‍ട്ടില്‍ 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ആഗോള താപനത്തെ കുറക്കാനുള്ള മാര്‍ഗങ്ങള്‍ പറയുന്നുണ്ട്. അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് അതുവഴി താപനില കുറക്കാനുള്ള നിര്‍ദേശമാണ് റിപ്പോര്‍ട്ടിലേത്.
വ്യവസായത്തിനേക്കാള്‍ പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കുന്ന റിപ്പോര്‍ട്ടിനോടുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് അമേരിക്ക പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയത്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്ക് പിന്തുണ നല്‍കിയാല്‍ അത് അമേരിക്കയെയും രാജ്യത്തെ വ്യവസായത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് ട്രംപിന്റെ നിലപാട്. കാലാവസ്ഥാ വ്യതിയാനം ഒഴിവാക്കാനായി ലക്ഷം കോടി ഡോളറുകള്‍ ചെലവഴിക്കാനും അമേരിക്കക്കാര്‍ക്ക് കിട്ടേണ്ട ലക്ഷക്കണക്കിന് തൊഴിലുകള്‍ ഇല്ലായ്മ ചെയ്യാനും തയാറല്ലെന്നും ട്രംപ് തുറന്നടിച്ചു. നേരത്തെ, കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്ന പരാമര്‍ശവും ട്രംപ് നടത്തിയിരുന്നു.