മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു
|1975ല്‍ മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നതില്‍ ബില്‍ഗേറ്റ്സിനൊപ്പം പോള്‍ അലന്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.
മൈക്രോസോഫ്റ്റ് കമ്പനിയുടെ സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു. 65 വയസായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ അമേരിക്കയിലെ സീറ്റില്‍ നഗരത്തിലായിരുന്നു അന്ത്യം. പോള്‍ അലന്റെ വള്‍കാന്‍ കമ്പനിയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പ്രസ്താവനയിലൂടെ അറിയിച്ചത്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
1975ല്‍ മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നതില്‍ ബില്‍ഗേറ്റ്സിനൊപ്പം പോള്‍ അലന്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. കമ്പനിയുടെ തുടക്കകാലത്ത് ടെക്നിക്കല്‍ ഓപ്പറേഷനുകളുടെ ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. മൈക്രോസോഫ്റ്റിനെ ജനപ്രിയമാക്കിയ എം.എസ് ഡോസ്, വേര്‍ഡ് തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ക്ക് പിന്നില്‍ അലന്‍ പോളായിരുന്നു. ബില്‍ ഗേറ്റ്സുമായുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവില്‍ 1983ല്‍ കമ്പനിയുടെ പടിയിറങ്ങി. കാന്‍സറിന്റെ ആദ്യലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിച്ചു തുടങ്ങിയതും ഈ സമയത്തായിരുന്നു. എങ്കിലും 2000 വരെ അദ്ദേഹം കമ്പനിയുടെ ബോര്‍ഡ് മെമ്പര്‍ ആയിരുന്നു.
1986ല്‍ സഹോദരിയുമൊത്താണ് വള്‍കാന്‍ കമ്പനി രൂപീകരിച്ചത്. കലയെയും കായികരംഗത്തെയും ഏറെ ഇഷ്ടപ്പെട്ട അലന്‍പോള്‍ ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനും രംഗത്തിറങ്ങിയിരുന്നു. 2018ല്‍ ഫോബ്സ് മാസിക പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയില്‍ പോള്‍ അലന്‍ 44ആം സ്ഥാനത്തായിരുന്നു.