അമേരിക്കയുടെ ആരോപണം അസംബന്ധം: ദക്ഷിണ ചൈന കടലില്‍ പരമാധികാരമുണ്ടെന്ന് ചൈന
|ദക്ഷിണ ചൈന കടല്‍ വിഷയത്തില്‍ അമേരിക്കക്ക് മറുപടിയുമായി ചൈന. ദക്ഷിണ ചൈന കടലില്‍ തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്നും അതില്‍ യാതൊരു തര്‍ക്കവും വേണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയില്‍ ചൈന ശല്യപ്പെടുത്തുകയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു.
ദക്ഷിണ ചൈനാ കടലില്‍ എത്തുന്ന അമേരിക്കന്‍ യുദ്ധകപ്പലുകളെ ചൈന ശല്യപ്പെടുത്തുകയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്. ദക്ഷിണ ചൈന കടലിലും ചുറ്റുമുള്ള മേഖലയിലും ചൈനക്ക് പരമാധികാരം ഉണ്ടെന്നും അവിടെ സമാധാന ലക്ഷ്യം മുന്‍നിര്‍ത്തി നിര്‍മാണ പദ്ധതികള്‍ നടപ്പാക്കാന്‍ അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു.
മേഖലയിലൂടെയുള്ള കപ്പല്‍ യാത്രക്കോ ദക്ഷിണ ചൈന കടലിന് മുകളിലൂടെയുള്ള വ്യോമയാത്രക്കോ യാതൊരു തടസ്സവുമില്ല. രാജ്യത്തിന് അടുത്തേക്ക് യുദ്ധകപ്പലുകള്‍ അയച്ച് അമേരിക്ക ആവശ്യമില്ലാതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ചൈന വ്യക്തമാക്കി. ചൈനക്കെതിരെ അമേരിക്ക ഉന്നയിക്കുന്ന ആരോപണങ്ങള്‍ അസംബന്ധമാണെന്നും ലു കാങ് പറഞ്ഞു.