International Old
സിക ബാധയേറ്റതിന് ശേഷം അവരുടെ ജീവിതം...
International Old

സിക ബാധയേറ്റതിന് ശേഷം അവരുടെ ജീവിതം...

Web Desk
|
20 Oct 2018 3:07 AM GMT

ബ്രസീലില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത് മൂന്ന് വര്‍ഷം പിന്നിടുന്പോള്‍ രോഗബാധയേറ്റ കുട്ടികളെ ചികിത്സിക്കാന്‍ പാടുപെടുകയാണ് രക്ഷിതാക്കൾ.

ബ്രസീലില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ രോഗബാധയേറ്റ കുട്ടികളെ ചികിത്സിക്കാന്‍ പാടുപെടുകയാണ് രക്ഷിതാക്കൾ. ഭീമമായ ചികിത്സാ ചെലവിനൊപ്പം രോഗം ഭേദമാകാനുള്ള സാധ്യതക്കുറവും രക്ഷിതാക്കളെ കൂടുതല്‍ ദുഃഖിതരാക്കുന്നു.

മൂന്ന് മക്കളാണ് റൊസാനക്ക്. മൂത്ത രണ്ട് മക്കളെ നോക്കാനും അവരുടെ കാര്യങ്ങള്‍ ചെയ്തുകൊടുക്കാനും സമയമില്ല എന്നതാണ് റൊസാനയുടെ സങ്കടം. കാരണം എപ്പോഴും മുഴുവന്‍ ശ്രദ്ധയും മൂന്ന് വയസ്സുള്ള സിക വൈറസ് ബാധയേറ്റ കുഞ്ഞിന് മേലായിരിക്കണം. കുടുംബത്തിന്റെ ഒരു പിന്തുണയും റൊസാനക്കില്ല. പലപ്പോഴും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നതായി റൊസാന പറയുന്നു. പക്ഷെ ഇപ്പോള്‍ ജീവിതത്തോട് പൊരുതുന്നു. മകൾക്കായ് ഒരു വീല്‍ ചെയര്‍ ഒരുക്കാനായി എന്നതാണ് റൊസാനയുടെ സന്തോഷം.

ഇപ്പോഴത്തെ ജീവിത സാഹചര്യത്തോട് കുറേയെറെ അമ്മമാരും പൊരുത്തപ്പെട്ടിരിക്കുന്നു. പക്ഷേ മുടങ്ങാതെയുള്ള ചികിത്സയുടെയും ഭക്ഷണത്തിന്റേയും യാത്രയുടേയുമെല്ലാം ചെലവാണ് ഇവരെ ഇപ്പോള്‍ കൂടുതല്‍ ദുരിതത്തിലാക്കുന്നത്. മാസം ഏകദേശം 250 ഡോളറെങ്കിലും ചെലവാകും മരുന്നിന് മാത്രമായി. പരിപൂര്‍ണമായ ഒരു രോഗശാന്തി ഇവര്‍ക്ക് പ്രതീക്ഷിക്കാനുമില്ല.

ക്യാന്‍സറിനെ അതിജീവിച്ച ശേഷം ഗര്‍ഭിണിയായപ്പോള്‍ 28കാരിയായ ജാക്കലിന്‍ വീറ ഒരുപാട് സന്തോഷിച്ചു. എന്നാല്‍ ഗര്‍ഭിണിയായിരിക്കെ തന്നെ കുഞ്ഞിന് സിക വൈറസ് ബാധയേറ്റതായി ജാക്കലിന്‍ തിരിച്ചറിഞ്ഞു. ഇതറിഞ്ഞ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. ഇപ്പോള്‍ മാസം ഭര്‍ത്താവ് ചെലവിനായി കൊടുക്കുന്ന തുച്ഛമായ തുകയും സര്‍ക്കാരില്‍ നിന്നുള്ള സഹായവുമാണ് ജാക്കലിന് ആശ്വാസം.

വലിപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായാണ് സിക വൈറസ് ബാധ അഥവാ മൈക്രോസിഫലി രോഗം ബാധിച്ച കുഞ്ഞുങ്ങൾ ജനിക്കുക. ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. 2017ലാണ് ബ്രസീലില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Similar Posts