പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന അഫ്ഗാനിസ്ഥാനില്‍ വോട്ടെടുപ്പിനിടെ ചാവേര്‍ ആക്രമണം
|പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന അഫ്ഗാനിസ്ഥാനില്‍ വോട്ടെടുപ്പിനിടെ ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 15 പേര് കൊല്ലപ്പെട്ടു. അതേസമയം സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് പലയിടത്തും വോട്ടെടുപ്പ് പൂര്‍ത്തീകരിക്കാനായില്ല.
അഫ്ഗാന് തലസ്ഥാനമായ കാബൂളിന്റെ വടക്ക് ഭാഗത്ത് പോളിങ് സ്റ്റേഷനടുത്താണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ 10 പേര് സാധാരണക്കാരും അഞ്ച് പേര് പൊലീസ് ഉദ്യോഗസ്ഥരുമാണ്. ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. പോളിങ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.
രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും സമാനമായ തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വ്യത്യസ്തമായ ചാവേര്‍ സ്ഫോടനങ്ങളിലായി 12 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് നേരത്തെ താലിബാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സാങ്കേതിക, സുരക്ഷാ കാരണങ്ങളാല്‍ പല ബൂത്തുകളിലും വോട്ടെടുപ്പ് പൂര്‍ത്തീകരിക്കാനായിട്ടില്ല. ഈ ബൂത്തുകളില്‍ വോട്ടെടുപ്പ് ഇന്നും തുടരും. 2015 ല്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്.