യു.എസിലേക്കുള്ള കുടിയേറ്റം തടയാന്‍ നടപടികള്‍ ശക്തമാക്കി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്
|മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് യു.എസിലേക്കുള്ള കുടിയേറ്റം തടയാന്‍ നടപടികള്‍ ശക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി യു.എസിന്റ തെക്കന്‍ അതിര്‍ത്തി അടക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാത്രം നൂറുകണക്കിന് അഭയാര്‍ഥികളാണ് യു.എസിലേക്ക് പ്രവേശിക്കാനാകാതെ തിരിച്ചു പോയത്.
കുടിയേറ്റം തടയാന്‍ രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചാല്‍ മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തടയുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.
വാഹനങ്ങളിലെത്തുന്ന കുടിയേറ്റക്കാരെ തടയുന്ന സാഹചര്യത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കാടുകളിലൂടെ സഞ്ചരിച്ച് യു.എസിലേക്ക് പ്രവേശിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോണ്ടുറാസില്‍ നിന്ന് യു.എസിലേക്ക് തിരിച്ച നൂറുകണക്കിന് പേരാണ് കഴിഞ്ഞ ദിവസം തിരിച്ചുപോകാന്‍ നിര്‍ബന്ധിതമായത്. ഗ്വാട്ടിമാല മെക്സിക്കോ അതിര്‍ത്തിയില്‍ വച്ചാണ് ഇവരെ തിരിച്ചയച്ചത്.
കടുത്ത ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും കാരണം നിരവധിയാളുകളാണ് ഹോണ്ടുറാസ്, ഗ്വാട്ടിമാല തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യു.എസി ലേക്ക് കുടിയേറുന്നത്.