തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന മാലിദ്വീപ് പ്രസിഡന്റിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
|പ്രതിപക്ഷം വിജയിച്ച പൊതു തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന മാലിദ്വീപ് പ്രസിഡണ്ട് അബ്ദുല്ല യമീന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
പ്രതിപക്ഷം വിജയിച്ച പൊതു തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന മാലിദ്വീപ് പ്രസിഡണ്ട് അബ്ദുല്ല യമീന്റെ ആവശ്യം സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം കൃത്രിമം കാണിച്ചെന്നാരോപിച്ചായിരുന്നു യമീന്‍ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 23 നായിരുന്നു മാലിദ്വീപില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മുഹമ്മദ് സ്വാലിഹാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. രാജ്യാന്തര സമ്മർദത്തെ തുടർന്ന് സ്വാലിഹിന്റെ ജയം ആദ്യം അംഗീകരിച്ച യമീൻ പിന്നീടാണ് കോടതിയെ സമീപിച്ചത്.
കൃത്രിമം കാണിച്ചാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്നായിരുന്നു ആരോപണം. സ്ഥാനം ഒഴിയാനും അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ ഇക്കാര്യം യമീന് തെളിയിക്കാനായില്ലെന്ന് മാലിദ്വീപ് സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. കോടതി വിധി എതിരായതോടെ രാജ്യത്ത് 5 വർഷം ഏകാധിപത്യ ഭരണം നടത്തിയ യമീന് നവംബർ 17നു സ്ഥാനമൊഴിയേണ്ടിവരും. വിധിയെ മാലിദ്വീപ് തെരഞ്ഞെടുപ്പ് കമ്മീഷനും സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ കമ്മീഷന്‍ അംഗങ്ങളെ യമീന്‍റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.