കാമറൂണ്‍ പ്രസിഡന്റായി ഏഴാം തവണയും പോള്‍ ബിയ തെരെഞ്ഞടുക്കപ്പെട്ടു
|ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 71.3 ശതമാനം നേടിയാണ് നിലവിലെ പ്രസിഡന്റായ പോള്‍ ബിയ വീണ്ടും വിജയിച്ചത്.
കാമറൂണ്‍ പ്രസിഡന്റായി ഏഴാം തവണയും പോള്‍ ബിയ തെരെഞ്ഞടു ക്കപ്പെട്ടു. ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ 71.3 ശതമാനം നേടിയാണ് നിലവിലെ പ്രസിഡന്റായ പോള്‍ ബിയ വീണ്ടും വിജയിച്ചത്. കാമറൂണ്‍ ഭരണഘടന സമിതിയാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 7നാണ് കാമറൂണില്‍ തെരെഞ്ഞടുപ്പ് നടന്നത്. പ്രതീക്ഷിച്ചത് പോലെ അട്ടിമറികളൊന്നും ഇല്ലാതെ വലിയ ഭൂരിപക്ഷത്തിലാണ് പോള്‍ ബിയ ജയിച്ചു കയറിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ മൌറീസോ കമ്മിറ്റോക്ക് 14.2 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ആഫ്രിക്കയിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയാണ് പോള്‍ ബിയ. ഈ വിജയത്തോടെ ഏറ്റവും കൂടുതല്‍ കാലം ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ഭരണാധികാരിയായ വ്യക്തി എന്ന നേട്ടം ഇദ്ദേഹത്തിന് സ്വന്തമായി.
തന്‍റെ 85ാം വയസ്സിലാണ് ഇദ്ദേഹം വീണ്ടും പ്രസിഡന്‍റാകുന്നത്. ഇതോടെ പോള്‍ ബിയക്ക് 92 വയസ്സ് വരെ അധികാരത്തില്‍ തുടരാന്‍ സാധിക്കും. ഒക്ടോബര്‍ 7ന് നടന്ന തെരെഞ്ഞടുപ്പില്‍ വ്യാപക രീതിയിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള 18 പരാതികള്‍ ഭരണഘടനാ സമിതി തള്ളിയാണ് പോള്‍ ബിയയെ വിജയിയായി പ്രഖ്യാപിച്ചത്. എല്ലാ പ്രതിപക്ഷ റാലികളും ഗവൺമെന്റ് നിരോധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രധാന നഗരങ്ങളില്‍ തിങ്കളാഴ്ച വൻ സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയത്. തങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്നാരോപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന ജനവിഭാഗം നടത്തുന്ന ആംഗ്ലോഫോണ്‍ വിഘടനവാദം, ബൊക്കോഹറാം ഭീകരവാദം തുടങ്ങിയ വന്‍ വെല്ലുവിളികളെ അതിജീവിച്ചാണ് ഇദ്ദേഹത്തിന്റെ വിജയം.
ഈ പ്രദേശങ്ങളില്‍ കുറഞ്ഞ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. ആംഗ്ലോഫോൺ വിഘടനവാദികളും സുരക്ഷാ സേനയും തമ്മിൽ ഇത് വരെ രണ്ട് ലക്ഷത്തിലധികം പോരാട്ടം നടന്നിട്ടുണ്ട്.1960ലാണ് കാമറൂണിന് സ്വാതന്ത്ര്യം ലഭിച്ചത്. അന്നു മുതല്‍ 1982 വരെ അഹ്മദോ അഹിദ്‌ജോയായിരുന്നു രാജ്യത്തിന്റെ പ്രസിഡന്റ്. അദ്ദേഹത്തിന്റെ രാജിയെ തുടര്‍ന്നാണ് പോളിന് പ്രസിഡന്റാവാന്‍ അവസരം ലഭിച്ചത്. വീണ്ടും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ 2008ല്‍ പോള്‍ ഭരണഘടന ഭേദഗതി ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 40ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.