ഹിതപരിശോധന ആവശ്യം തള്ളി; ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തേക്കെന്ന് തെരേസെ മെ
|95 ശതമാനം എം.പിമാരും പുറത്തുപോകലിനെ അനുകൂലിച്ചിട്ടുണ്ടെന്നും തെരേസെ മെ
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസെ മെ. 95 ശതമാനം എം.പിമാരും പുറത്തുപോകലിനെ അനുകൂലിച്ചിട്ടുണ്ടെന്നും തെരേസെ മെ പറഞ്ഞു. ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമാണ് നിലവിലുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകാനുള്ള ബ്രിട്ടന്‍റെ തീരുമാനത്തില്‍ മാറ്റമില്ല. എല്ലാ തലത്തിലും ബ്രിട്ടന്‍ പുറത്ത് പോകും എന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിന്നും മനസ്സിലാകാന്‍ സാധിക്കുന്നത്. വീണ്ടും ഹിത പരിശോധന നടത്തണമെന്ന ആവശ്യം തെരേസെ മെ തള്ളി. കഴിഞ്ഞ ദിവസം ഈ ആവശ്യവുമായി ലക്ഷകണക്കിന് ജനങ്ങളാണ് തെരുവില്‍ ഇറങ്ങിയത്. എന്നാല്‍ മെ ഇക്കാര്യം പരിഗണിച്ചില്ല.
വടക്കന്‍ അയര്‍ലന്‍ഡിലും റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലും സ്വതന്ത്ര വ്യാപാരം സാധ്യമാകുന്ന കരാര്‍ വേണമെന്നാണ് തെരേസ മേയുടെ ആവശ്യം. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോയാല്‍ യൂണിയനിലെ അംഗ രാജ്യങ്ങള്‍ ഇത് അംഗീകരിക്കില്ല. അയര്‍ലന്‍ഡുമായുള്ള വ്യാപാര കരാര്‍ പോലുള്ള വിഷയങ്ങളാണ് ബ്രിട്ടന്‍ ഇപ്പോള്‍ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങള്‍. ഡിസംബറില്‍ ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചക്കോടിക്ക് മുന്‍പ് ഒരു കരാറില്‍ എത്താന്‍ സാധിക്കുമെന്നാണ് ബ്രിട്ടന്‍റെ പ്രതീക്ഷ.