International Old
മൂന്ന് മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്കുള്ള സഹായം വെട്ടിക്കുറച്ച് ട്രംപ്  
International Old

മൂന്ന് മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്കുള്ള സഹായം വെട്ടിക്കുറച്ച് ട്രംപ്  

Web Desk
|
23 Oct 2018 3:08 AM GMT

അനധികൃത കുടിയേറ്റം തടയുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കടുത്ത നടപടി 

മൂന്ന് മധ്യ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ക്കുള്ള സഹായം വെട്ടിക്കുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റം തടയുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കടുത്ത നടപടി. ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍ എന്നീ രാജ്യങ്ങള്‍ക്കുള്ള സഹായങ്ങളാണ് വെട്ടിച്ചുരുക്കിയത്. കടുത്ത ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും കാരണം നിരവധിയാളുകളാണ് ഹോണ്ടുറാസ്, ഗ്വാട്ടിമാല തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് കുടിയേറുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തിലധികം ആളുകളാണ് മെക്സിക്കോയില്‍ തമ്പടിച്ചിരിക്കുന്നത്.

മെക്സിക്കന്‍ അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഓരോ വര്‍ഷവും ദശലക്ഷകണക്കിന് ഡോളറിന്റെ സഹായമാണ് അമേരിക്ക ഈ രാഷ്ട്രങ്ങള്‍ക്ക് നല്‍കുന്നത്. 2016ല്‍ ഗ്വാട്ടിമാലക്ക് 131.2 മില്യന്‍ ഡോളറും, ഹോണ്ടുറാസിന് 98.3 മില്യന്‍ ഡോളറും, എല്‍ സാല്‍വഡോറിന് 67.9 മില്യന്‍ ഡോളറുമാണ് നല്‍കിയത്. 2016നെ അപേക്ഷിച്ച് 2017ല്‍ 40ശതമാനം വെട്ടിക്കുറച്ചാണ് സാമ്പത്തിക സഹായം നല്‍കിയത്. ഇനി എത്ര കുറക്കും എന്നതിന് കുറിച്ച് ട്രംപ് ഒന്നും പറഞ്ഞിട്ടില്ല.

മധ്യ അമേരിക്കയിലെ രാജ്യങ്ങളെ രക്ഷപ്പെടുത്താനും കുടിയേറ്റക്കാരെ തടയാനും യു.എസ് ഭരണകൂടം ദീർഘകാലാടിസ്ഥാനത്തിലുള്ള സഹായ പരിപാടികൾ നടത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയുന്നതിന് മെക്സിക്കോയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. അധികാരത്തില്‍ കയറിയതിന് ശേഷം ട്രംപ് കുടിയേറ്റത്തിനെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്.

Similar Posts