International Old
റഷ്യയുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറുമെന്ന് വീണ്ടും അമേരിക്ക 
International Old

റഷ്യയുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറുമെന്ന് വീണ്ടും അമേരിക്ക 

Web Desk
|
24 Oct 2018 2:51 AM GMT

റഷ്യയുമായി 1987ല്‍ ഒപ്പുവെച്ച ആണവായുധ നിയന്ത്രണ കരാറില്‍ നിന്ന് പിന്മാറുമെന്ന ട്രംപിന്‍റെ പ്രസ്താവനക്ക് ശേഷം ചര്‍ച്ചകള്‍ക്കാണ് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയിലെത്തിയത്

റഷ്യയുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ, നിലപാട് ആവര്‍ത്തിച്ച് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ബോള്‍ട്ടന്‍റെ പ്രസ്താവന.

റഷ്യയുമായി 1987ല്‍ ഒപ്പ് വെച്ച ആണവായുധ നിയന്ത്രണ കരാറില്‍ നിന്ന് പിന്മാറുമെന്ന ട്രംപിന്‍റെ പ്രസ്താവനക്ക് ശേഷം പ്രസ്താവനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയിലെത്തിയത്. റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ട്രംപിന്‍റെ നിലപാട് ബോള്‍ട്ടണ്‍ ആവര്‍ത്തിച്ചു, റഷ്യയുമായുള്ള ഇന്‍റര്‍ മീഡിയേറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്സസ് ട്രീറ്റിയില്‍ നിന്നും അമേരിക്ക പിന്മാറുമെന്ന് ബോള്‍ട്ടണ്‍ പറഞ്ഞു. റഷ്യ കരാര്‍ ലംഘനം നടത്തിയെന്ന് കരാറില്‍ നിന്ന് പിന്മാറാനുള്ള കാരണമായി ബോള്‍ട്ടണ്‍ പറഞ്ഞു. അമേരിക്കയുമായി കരാറില്ലാത്ത ചൈനയെ പോലുള്ള രാജ്യങ്ങള്‍ വ്യാപകമായി ദീര്‍ഘദൂര ആണവായുധങ്ങള്‍ പരീക്ഷിക്കുന്നതും സ്വരൂപിക്കുന്നതും കരാര്‍ പിന്മാറ്റത്തിന്‍റെ കാരണമായി ബോള്‍ട്ടണ്‍ പറഞ്ഞു.

അമേരിക്കയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ അടുത്ത മാസം ട്രംപുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്നും അറിയിച്ചു. പുടിന്‍റെ കൂടിക്കാഴ്ചക്കുള്ള താത്പര്യത്തെ ബോള്‍ട്ടണും സ്വാഗതം ചെയ്തു. അടുത്ത മാസം പാരീസില്‍ നടക്കുന്ന, ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്‍റെ 100ആം വാര്‍ഷിക‌ പരിപാടിയിലായിരിക്കും ഇരുവരും കൂടിക്കാഴ്ച നടത്തുക.

Similar Posts