‘അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകം’; വൈറലായി ഫലസ്ഥീന്‍ പോരാളിയുടെ ചിത്രം
|ഫലസ്ഥീന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഒരു കയ്യില്‍ ഫലസ്ഥീന്റെ പതാകയും മറുകയ്യില്‍ കവണയുമേന്തി ഷര്‍ട്ട് ധരിക്കാതെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പ്രധിഷേധിക്കുന്ന ഒരു ഫലസ്ഥീന്‍ പോരാളിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍. ഫലസ്ഥീന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം ഫ്രഞ്ച് വിപ്ലവ ചിത്രമായ 'ലിബര്‍ട്ടി ലീഡിങ്ങ് ദ പീപ്പിളുമായിട്ടാണ് താരതമ്യം ചെയ്യപ്പെടുന്നത്.
ഇസ്രയേലിന്റെ അധിനിവേശത്തിനെതിരെ പോരാടുന്ന ഇരുപതുകാരനായ ഫലസ്ഥീന്‍ യുവാവ് അഹദ് അബൂ അംറോ ആണ് ചിത്രത്തില്‍. തുര്‍ക്കി വാര്‍ത്താ ഏജന്‍സി അനദോളുവിന്റെ മുസ്ഥഫ ഹസൂനാണ് വൈറലായ ചിത്രം പകര്‍ത്തിയത്. കത്തിച്ചിട്ട ടയറുകളില്‍ നിന്നുയരുന്ന പുക പടലങ്ങള്‍ക്കിടയില്‍ ഷര്‍ട്ട് ധരിച്ച പ്രതിഷേധക്കാര്‍ക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്കുമിടയില്‍ ഷര്‍ട്ട് ധരിക്കാതെയാണ് അഹദ് അബൂ അംറോ നില്‍ക്കുന്നത്.
ഗാസയിലെ അല്‍-സൈതൂനാണ് അഹദ് അബുവിന്റെ നാട്. സുഹൃത്തുക്കള്‍ക്കൊപ്പം എല്ലാ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും അതിര്‍ത്തിയിലെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്താറുണ്ട്. 'എന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത് കണ്ടിട്ട് ഞാന്‍ അമ്പരന്നു. എന്റെ അരികില്‍ ഒരു ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നത് ഞാന്‍ അറിഞ്ഞില്ല,' അഹദ് അല്‍ജസീറയോട് പറഞ്ഞു. വൈറലാവുന്നത് കണ്ട് തന്റെ സുഹൃത്തുക്കളാണ് ചിത്രം തനിക്ക് അയച്ചുതന്നതെന്നും അഹദ് പറഞ്ഞു.
നോര്‍ത്തേണ്‍ ഗാസയിലെ ബൈത്ത് ലാഹിയയില്‍ വെച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ധാരാളം പ്രമുഖര്‍ ഇതിനകം ചിത്രം പങ്ക് വെച്ചിട്ടുണ്ട്.